2010, ഡിസംബർ 24, വെള്ളിയാഴ്‌ച

ദുഃഖാചരണം.....!!

"ഇന്ന് ദുക്കാജരണാണ്​ന്ന്....! ഒരു മോണിങ്ഷോ, ഉച്ചക്ക് ദുക്കാജരണദിന പ്രത്യേക ബ്ലോക്ക്ബസ്റ്റര്‍ ചലച്ചിത്രം വല്ലോം ണ്ടെങ്കി അത്. പിന്നെ വൈകീട്ടത്തേക്ക് ലവന്‍മാര് സാധനം വാങ്ങീണ്ട്ന്നാ പറഞ്ഞത്. മൂന്നീസം അട്പ്പിച്ച് ഓഫീസവധ്യല്ലേ... ഹോ.. ഇന്ന് ഞാനൊരു കലക്കു കലക്കും."

2010, നവംബർ 21, ഞായറാഴ്‌ച

ഇതൊന്നും നമ്മളെ പണ്യല്ല...!!

"ടാ, നമുക്കാ വഴിയൊന്നു ശര്യാക്കണ്ടേ...? ആകെ കുഴിയായിട്ട് കൊളം പോലായിരിക്കെണ്.. നീയൊരു കൈക്കോട്ടെടുത്തിട്ടെറങ്ങ്യേ..."

"അതു വേണോ... നമ്മള് വിചാരിച്ചാ നടക്ക്വോ ചേട്ടാ..?"

"അതൊക്കെ നടക്കുംന്നേയ്... നമുക്കാ വളവിലെ പിള്ളേരേം വിളിക്കാ.. വെറുതേ ഒന്നൊപ്പാക്കിട്ടാ മതി.. കൊറച്ചാശ്വാസണ്ടാവും"

"എന്റെ ചേട്ടാ.. ഇതൊന്നും നമ്മളെ പണ്യല്ല. നമുക്കൊന്നു രണ്ട് വാഴ കൊണ്ടന്ന് വഴീല് വെക്കാ.. അതാവുമ്പോ ആ കേബിള്‍വിഷങ്കാരോടും പത്രത്തിലും ഒന്ന് പറഞ്ഞാ ബാക്കി പിന്നെ അവരായിക്കൊള്ളും.. വഴിയൊക്കെ തന്നെ ശര്യായിക്കൊള്ളും."

2010, നവംബർ 12, വെള്ളിയാഴ്‌ച

മാധ്യമധര്‍മ്മം...!!!

മൂന്നാം പേജ് -

"............ ഇടക്കിടെ ജില്ലാതല, സംസ്ഥാനതല മത്സരങ്ങളില്‍ പങ്കെടുക്കേണ്ടി വരുന്ന ഇദ്ദേഹത്തിന്, മത്സരത്തില്‍ പങ്കെടുക്കാന്‍ വേണ്ടിയുള്ള തയ്യാറെടുപ്പുകള്‍ക്കായി  മാസങ്ങളോളം തുടര്‍ച്ചയായി ലീവെടുക്കേണ്ടി വരാറുണ്ട്. എന്നാല്‍ ഒരു കായികതാരം എന്നത് പരിഗണിച്ച് ശമ്പളത്തോടു കൂടിയുള്ള അവധി അനുവദിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവാത്തത് കടുത്ത പ്രതിഷേധത്തിനിടയാക്കുന്നുണ്ട്. കായികരംഗത്തോടുള്ള സര്‍ക്കാരിന്റെ ......."


----------------------------


ഏഴാം പേജ് -

".......... പൊതുവേ അവധി ദിവസങ്ങളുടെ എണ്ണം കൂടുതലുള്ള കേരളത്തില്‍ സര്‍ക്കാര്‍ ആഫീസുകള്‍ അടഞ്ഞു കിടക്കുന്നതും സീറ്റുകളില്‍ ആളില്ലാതെ വരുന്നതും ജനങ്ങളെ ദുരിതത്തിലാക്കുന്നുണ്ട്. ഇതു കൂടാതെയാണ് കീഴ്വഴക്കങ്ങള്‍ ലംഘിച്ചു കൊണ്ട് ചില ഉദ്യോഗസ്ഥര്‍ക്ക് മാത്രമായി പ്രത്യേക അവധികള്‍ പാസ്സാക്കിക്കൊടുക്കുന്നത്. ഇത് കണ്ടില്ലെന്നു നടിക്കുന്ന സര്‍ക്കാരിന്റെ ..........."

2010, നവംബർ 2, ചൊവ്വാഴ്ച

സ്ഥാനാര്‍ത്ഥിയുടെ ചിരി

"എലക്ഷനായീ... (ഇ)നീപ്പോ എറങ്ങിക്കോളും മുപ്പത്തിരണ്ട് പല്ലും പൊറത്തു കാണിച്ച്  ഇളിച്ചു കാണിച്ച്ട്ട്...ആ കോളിനോസ് ചിര്യാണ് സഹിച്ചൂടാത്തത്.. ന്തിനാ (ഇ)വരൊക്കെ എപ്പളും ചിരിച്ചോണ്ടിരിക്കണത്..? "


--------------------


"ഞാനങ്ങാടീച്ചെല്ലുമ്പൊ സ്താനാര്‍ത്തി എയറ് പിടിച്ച് നിക്ക്ണ്‌ണ്ട്. നമ്മളെ കണ്ടാ ഒന്നു കൈ കൂപ്പേ, അല്ലെങ്ക്യൊന്നു ചിരിക്ക്യേ..... എവടെ...? ഇയാള്‍ക്കൊക്കെ വോട്ടെയ്യണ മ്മളെപ്പറഞ്ഞാ മത്യേല്ലോ...! നാളെ ബൂത്തീച്ചെല്ലുമ്പോ ഞാന്‍ കാണിച്ചൊട്ക്ക്ണ്‌ണ്ട് "

2010, ഒക്‌ടോബർ 10, ഞായറാഴ്‌ച

കാലത്തിന്റൊരു പോക്കേ...!!

എന്റെ എല്‍ പി സ്കൂള്‍ കാലഘട്ടം..
   അടുത്ത വീട്ടിലെ സെക്കീനത്തയുടെ കല്ല്യാണം കഴിഞ്ഞെത്തിയ സിറാജുക്ക എന്റെ മാമയോട്. "ടാ.. അവള്‍ക്ക് തീരെ നാണൊന്നൂല്ലട്ടാ... നല്ല ഉഷാറായ്ട്ട് ചെക്കന്റെ കൂടെന്നെ നിക്ക്ണ‌്ണ്ട്.. മാലടുമ്പോ പോലൂല്ല പേരിനെങ്കിലും ഒരു നാണം..!!"


ഞാന്‍ എട്ടാം ക്ലാസ്സില്‍ ....
   ഉമ്മര്‍ മാമയുടെ കല്ല്യാണം നിശ്ചയിച്ചു. ബന്ധുവായ ഒരു സ്ത്രീ എന്റെ ഉമ്മയോട്. "ഉമ്മറവളെ ഫോണ്‍ വിളിക്കാറ്ണ്ട്ന്ന്..! അവരെ വീട്ടിലും കൊഴപ്പല്ലാത്രെ..!! കാലത്തിന്റൊരു പോക്കേ..!!"



ഞാന്‍ കോളേജില്‍ ...
   ജാസ്മിത്തയുടെ കല്ല്യാണം കഴിഞ്ഞു. എന്റെ ഇത്തയോട് അമ്മായിയുടെ മകള്‍ ശെജിനത്ത. "ജാസ്മി അളിയനെ പേരാത്രെ വിളിക്ക്യാ..!!"


ഇന്ന്...
   പെണ്ണുങ്ങള്‍ക്കു സീറ്റ് ഫിഫ്റ്റി - ഫിഫ്റ്റിയാത്രെ...!!

2010, ഒക്‌ടോബർ 2, ശനിയാഴ്‌ച

ദോഷൈകദൃക്ക്

          ട്രഷറിയിലെ ടെല്ലര്‍ കൗണ്ടറില്‍ ഒരാള്‍ ചെക്കുമായി വന്നു. അക്കൗണ്ടന്റ് ചെക്ക് വാങ്ങി നോക്കി. ഒന്നും എഴുതിയിട്ടില്ല. എഴുതാനുള്ളതെല്ലാം എഴുതാന്‍ പറഞ്ഞ് ചെക്ക് തിരിച്ചു കൊടുത്തു. വന്നയാള്‍ തിരികെ ബെഞ്ചില്‍ പോയിരുന്നു എഴുതി. വീണ്ടും കൗണ്ടറില്‍ കൊടുത്തു. അക്കൗണ്ടന്റ് നോക്കിയപ്പോള്‍ ഒപ്പിട്ടിട്ടില്ല. ഒപ്പിടാനായി തിരികെ കൊടുത്തു. ഒപ്പിട്ടു. ഇപ്പോള്‍ കുഴപ്പമില്ല. ചെക്ക് കമ്പ്യൂട്ടറില്‍ എന്റര്‍ ചെയ്യാന്‍ തുടങ്ങി. നോക്കുമ്പോള്‍ അയാള്‍ എഴുതിയിരിക്കുന്ന അത്രയും തുക അക്കൗണ്ടിലില്ല. ബാലന്‍സുള്ള തുക എത്രയാണെന്നു പറ‍ഞ്ഞു കൊടുത്തു. തുക തിരുത്തിയെഴുതാനായി ചെക്ക് വീണ്ടും തിരികെ കൊടുത്തു. വന്നയാള്‍ വീണ്ടും ബെഞ്ചിനരികില്‍ പോയി. തുക തിരുത്തിയെഴുതി. എന്നിട്ട് ആരോടെന്നില്ലാതെ ഒരു ആത്മഗതം:

"ഇതിപ്പൊ മൂന്നാംത്തെ പ്പ്രാവശ്യാ... ഇനി അടുത്തതെന്തു കുറ്റാണാവോ അയാള് കണ്ടുപിടിക്ക്യ.....!"

2010, സെപ്റ്റംബർ 14, ചൊവ്വാഴ്ച

തല്ല് ; എന്‍റെ വകേം

ബസ്സില്‍ തൃശ്ശൂരിലേക്ക് പോകുകയായിരുന്നു. മുല്ലശ്ശേരി സെന്‍ററില്‍ ബസ്സ് നിര്‍ത്തിയപ്പോള്‍ , റോഡരികില്‍ കുറച്ചു പേര്‍ ചേര്‍ന്നു ഒരാളെ വളഞ്ഞിട്ടു തല്ലുന്നതു കണ്ടു. കാര്യം എന്താണെന്നു മനസ്സിലായില്ലെങ്കിലും എല്ലാവരുടെയും ശ്രദ്ധ അതിലേക്കായിരുന്നു. പെട്ടെന്നു ഞങ്ങളുടെ ബസ്സില്‍ നിന്നും ഒരു മനുഷ്യസ്നേഹി ചാടിയിറങ്ങി, തല്ലു കൊള്ളുന്നവനെ അയാളുടെ വകയായി നാലഞ്ചെണ്ണം കൂടി പൊട്ടിച്ചു. തിരിച്ചു ബസ്സില്‍ കയറി. യാത്ര തുടര്‍ന്നു.

2010, സെപ്റ്റംബർ 1, ബുധനാഴ്‌ച

സന്നി

"ശരിക്കും നമ്മളെ സന്നീടതേ പോലെത്തന്നെണ്ട് ആളെക്കാണാന്‍ "

"ഏതു സന്നി"

"നമ്മളെ സന്ന്യെയ്.."

"സന്ന്യോ, അതാരാ..?"

"എയ്.. നമ്മളെ സന്നിഥാനന്ദന്‍ , നിനക്കറീല്ലേ..?"

"അതാരാ ഈ സന്നിഥാനന്ദന്‍ ..? നിക്കറീല്ലല്ലോ..!"

"സന്നിഥാനന്ദനെ അറീല്ലേ..? ഐഡിയ സ്റ്റാര്‍ സിങ്ങര്‍ല്ള്ള, ഇത്രേം ഫെയ്മസ് ആയ സന്നിഥാനന്ദനെ അറീല്ലെന്ന് പറയാന്‍ നാണല്ലല്ലോ നിനക്ക്.. നീയൊക്കെ ഏതു ലോകത്തിലാ ജീവിക്കുന്നെ...?"

2010, ഓഗസ്റ്റ് 11, ബുധനാഴ്‌ച

നോമ്പിന്റെ ചെലവ്.

റംസാന്‍ തുടങ്ങുകയായി... മുപ്പതു ദിവസം വ്രതം 'ആഘോഷിക്കുന്നത് ' കൊണ്ട്  ഇനി വീട്ടു ബജറ്റില്‍ ഭക്ഷണത്തിനായി കൂടുതല്‍ തുക വകയിരുത്തേണ്ടിയിരിക്കുന്നു... പോരാത്തതിന് നോമ്പും പെരുന്നാളും കഴിഞ്ഞാല്‍ പിന്നെ തടി കുറക്കാനുള്ള പെടാപ്പാടും.......!!

2010, ജൂലൈ 27, ചൊവ്വാഴ്ച

"നെയിമ"

ബാന്ഗ്ലൂരിലെ ഒരു ഇലക്ട്രോണിക് കമ്പനിയില്‍ ജോലി ചെയ്തു കൊണ്ടിരുന്ന കാലം. ഒരു ദിവസം ഇന്റക്ടര്‍ ടെസ്റ്റ്‌ ചെയ്തു കൊണ്ടിരിക്കുകയായിരുന്നു ഞാന്‍ . അടുത്തിടെ മാത്രം ജോലിക്ക് വന്നു തുടങ്ങിയ കന്നടക്കാരന്‍ യോഗേഷ് ആയിരുന്നു എന്റെ അടുത്ത് ഇരുന്നിരുന്നത്. എന്റെ മുന്നിലെ റാക്കില്‍ ഇരുന്നിരുന്ന വലിയ ഒരു ലെഡിന്റെ പീസ്‌ എടുത്തു, അവന്‍ തിരിച്ചും മറിച്ചും നോക്കുന്നത് കണ്ടു. പിന്നെ എന്നോട് കന്നടയില്‍ എന്തൊക്കെയോ ചോദിച്ചു. കന്നഡ കേട്ടാല്‍ത്തന്നെ തല കറങ്ങുന്ന എനിക്കൊരു ചുക്കും മനസ്സിലായില്ല. ബാന്ഗ്ലൂരിലെ അന്ന് വരെയുള്ള ജീവിതത്തില്‍ എന്നെ ഏറെ സഹായിച്ച എന്റെ ആംഗ്യഭാഷയും അവന്റെ അടുത്ത് പരാജയപ്പെട്ടു. ആ സാധനത്തിന്റെ പേരെന്താണെന്നാണ് അവന്‍ ചോദിക്കാന്‍ ശ്രമിക്കുന്നതെന്ന് എനിക്ക് തോന്നി. അത് തന്നെയാണോ ചോദിക്കുന്നതെന്ന് അവനോടെങ്ങനെ ചോദിക്കും..? ഞാന്‍ ഒരു തമിഴ് ചുവ വരുത്താന്‍ ശ്രമിച്ചു കൊണ്ട് "നെയിമാാ....?" (Name ആണോ?) എന്ന് ചോദിച്ചു. അവന്റെ മുഖത്ത് സന്തോഷത്തിന്റേതായ ഒരു ഭാവം വന്നു. എനിക്കും ആശ്വാസമായി. അവന്‍ ആ ലെഡ് എടുത്തു, അപ്പുറത്തിരുന്നിരുന്ന അവന്റെ ചങ്ങാതിക്ക് നേരെ ഉയര്‍ത്തിക്കാണിച്ചു കൊണ്ട് പറഞ്ഞു. "നെയിമ... നെയിമ...!!!"
       കുറച്ചു കഴിഞ്ഞു അവിടത്തെ സീനിയര്‍ സ്റ്റാഫ് ആയ യശ്വന്തണ്ണന്‍ ഒരു ട്രേയില്‍ കുറച്ചു ഇന്റക്ടറുമായി വന്നു. എന്റെ അടുത്ത് കന്നഡ ചിലവാകില്ലെന്നു നേരത്തെ മനസ്സിലാക്കിയിട്ടുള്ള അയാള്‍ ഞാന്‍ ടെസ്റ്റ്‌ ചെയ്തു കഴിഞ്ഞവ വെച്ചിരുന്ന ട്രേയും അയാളുടെ കയ്യിലുള്ള ട്രേയും ചൂണ്ടിക്കാണിച്ചു കൊണ്ട് പറഞ്ഞു. "This tray also this tray...!!!"
                         അന്ന് തന്നെ ഒരു കന്നഡ - മലയാളം ഭാഷാ സഹായി വാങ്ങി ഞാന്‍ പഠനം തുടങ്ങി.

2010, ജൂലൈ 19, തിങ്കളാഴ്‌ച

ഫോര്‍വാഡ് മെയില്‍

                   എന്റെ നിരന്തര അഭ്യര്‍ഥനകള്‍ അവഗണിച്ചു കൊണ്ട് എനിക്ക് തുടര്‍ച്ചയായി ഫോര്‍വാഡ് മെയിലുകള്‍ അയച്ചു കൊണ്ടിരുന്ന എന്റെ ഒരു ബന്ധുവിനോട് കഴിഞ്ഞ ദിവസം എനിക്ക് രൂക്ഷമായി തന്നെ അത് പറയേണ്ടി വന്നു. ഫോര്‍വാഡ് മെയിലുകളുടെ വിഷയങ്ങളാണ് എന്നെ കൂടുതല്‍ ആലോസരപ്പെടുത്തിയിരുന്നത്. ഡെന്മാര്‍ക്കില്‍ ഖുറാന്‍ കത്തിച്ചു, മനോരമ മുസ്ലിംകള്‍ക്കെതിരെ, ദി ഹിന്ദു മുസ്ലിംകള്‍ക്കെതിരെ, christian missionary's work against our ummath ഇതൊക്കെയായിരുന്നു ചിലതിന്റെ തലക്കെട്ടുകള്‍ . പിന്നെ ചില പതിവ് ദുബായ് കാഴ്ചകളും അമേരിക്കന്‍ സീനറികളും കുന്തവും കുടച്ചക്രവും,........... ഈ മെയിലുകള്‍ക്ക് ഞാനയക്കുന്ന മറുപടികളില്‍ എന്റെ കാഴ്ചപ്പാട് ഞാന്‍ എഴുതാറുണ്ടായിരുന്നു. ഇനി ഇത്തരം മെയിലുകള്‍ അയക്കരുതെന്നും. എന്നിട്ടും തുടര്‍ന്നപ്പോളാണ് ഞാന്‍ നേരിട്ട് സംസാരിച്ചത്.
                  ഫലം... എനിക്ക് മെയില്‍ അയയ്ക്കുന്നത് അയാള്‍ പരിപൂര്‍ണ്ണമായും നിര്‍ത്തി. അയാളുടെ ഓര്‍ക്കുട്ട് സുഹൃത്തുക്കളുടെ ലിസ്റ്റില്‍ നിന്നും ഞാന്‍ പുറത്ത്.... ഒരു പക്ഷെ, ഞാന്‍ അയാളോട് സംസാരിച്ച രീതിയായിരിക്കാം കുഴപ്പമായത്. അങ്ങനെ സമാധാനിക്കാം... :-(

2010, ജൂലൈ 8, വ്യാഴാഴ്‌ച

മനുഷ്യത്വം

ഓരോ വിധിയിലും, വാദത്തിനിടയിലെ അഭിപ്രായപ്രകടനങ്ങളിലും മനുഷ്യത്വത്തിന്റെ മഹത്വം വിളിച്ചു പറയുന്നവരുടെ `ശരിയായ മനുഷ്യത്വബോധ'ത്തെക്കുറിച്ചറിയാന്‍ നമുക്ക് കോടതികളിലെ ലാസ്റ്റ് ഗ്രേഡ് ജീവനക്കാരോട് ചോദിക്കാം.

".......................സാറ് പക്കാ ഡീസന്റാ, ഒരു ഉപദ്രവോം ല്ല. മറ്റുള്ളോരെപ്പോലല്ല. ഞങ്ങളോട് ഇത്രേം നന്നായി പെരുമാറണ വേറൊരാളെ ഞാനീ വകുപ്പില് കണ്ടിട്ടില്ല. അമ്പലത്തില് പോവുമ്പോ പെട്ടിയൊന്നു വണ്ടീന്ന് റൂമിലെത്തിച്ചാ മാത്രം മതി. അത് പോലെ തിരിച്ചും... വേറൊരു ബുദ്ധിമുട്ടിക്കലൂല്ല"

2010, ജൂൺ 8, ചൊവ്വാഴ്ച

വിശ്വാസം

ഓഫീസിലിരുന്നു കെഎസ്സാറിന്റെ ഗൈഡു നോക്കിക്കൊണ്ടിരുന്ന ഷാജിയേട്ടന്‍ സുപ്രണ്ട് വിളിച്ചപ്പോള്‍ പോകാന്‍ വേണ്ടി പുസ്തകം നിവര്‍ത്തിയ അവസ്ഥയില്‍ കമഴ്ത്തി വെച്ചു.
ഇത് കണ്ട ഞാന്‍ പറഞ്ഞു. "ഷാജ്യേട്ടാ, പുസ്തകം അങ്ങനെ വെക്കല്ലേ"
"ഓ, അങ്ങനെയൊക്കെ ഉണ്ടാ..?" എന്ന് ചോദിച്ചു കൊണ്ട് ഷാജിയേട്ടന്‍ പുസ്തകം എടുത്തു മടക്കി വെച്ചു.
"അല്ല, അങ്ങനെ വെച്ചാ പുസ്തകം കേടാവും. പുത്യേ പുസ്തകല്ലേ..? അതോണ്ടാ പറഞ്ഞത്" ഞാന്‍ വിശദീകരിച്ചു.
"ഓ, അത്രേയുള്ളൂ.. ഞാന്‍ വിചാരിച്ചു, വേറെ വല്ല കൊഴപ്പം ണ്ടാവുംന്ന്"  എന്ന് പറഞ്ഞു കൊണ്ട് ഷാജിയേട്ടന്‍ പുസ്തകം പഴയ പടി തന്നെ കമഴ്ത്തി വെച്ചു.

2010, മേയ് 9, ഞായറാഴ്‌ച

മറുനാടന്‍ മലയാളി - ഒരു ഓര്‍മ്മക്കുറിപ്പ്‌

40 വര്‍ഷത്തെ നീണ്ട പ്രവാസ ജീവിതത്തിനു ശേഷം നാട്ടില്‍ വിശ്രമജീവിതം നയിക്കുന്ന എന്റെ ഉപ്പയുടെ പഴയ ശേഖരത്തില്‍ നിന്നും കിട്ടിയ ഒരു കുറിപ്പ് ഇവിടെ ഇടുന്നു. 1974 -ലോ 75 -ലോ, കുങ്കുമം വാരികയിലോ മറ്റോ പ്രസിദ്ധീകരിച്ചിരുന്നതാണ് ഇത്. (പേജുകള്‍ നഷ്ടപ്പെട്ട അവസ്ഥയിലുള്ള ഒരു പഴയ പുസ്തകമാണ് എനിക്ക് കിട്ടിയത്. പേര് കാണാനില്ല. ഉപ്പ കൃത്യമായി ഓര്‍ക്കുന്നുമില്ല) 
                            ------------------------------
     തൃശൂര്‍ പട്ടണത്തിനു പതിനെട്ടു മൈല്‍ അകലെയുള്ള ഒരു നാട്ടിന്‍ പുറത്തു ഒരു കച്ചവടക്കാരന്റെ മകനായി ഞാന്‍ ജനിച്ചു. നാട്ടിന്‍ പുറത്തെ ഒരു സാധാരണ കച്ചവടക്കാരന്റെ 'സ്ഥിതി'കളെക്കുറിച്ച് പ്രത്യേകം എടുത്തു പറയേണ്ട കാര്യമില്ലല്ലോ. എങ്കിലും നാലുപേരെപ്പോലെ എന്നെയും പഠിപ്പിച്ചു വലിയൊരാളാക്കണം എന്ന് എന്റെ അച്ഛനും ആഗ്രഹമുണ്ടായിരുന്നു. ഞാന്‍ പത്താം ക്ലാസ്സിലെത്തിയപ്പോള്‍ , അച്ഛന്റെ കച്ചവടം ശോഷിച്ചു ഇല്ലാതായിക്കൊണ്ടിരിക്കുന്നത് വേദനയോടെ നോക്കിക്കാണേണ്ടി വന്നു. പക്ഷെ, ഞാനത് മനസ്സിലാക്കാന്‍ വൈകിയിരുന്നു. ഊണും ഉറക്കവുമൊഴിഞ്ഞു ക്ലാസ്സില്‍ പോലും കയറാതെ വിദ്യാര്‍ഥി പ്രസ്ഥാനങ്ങളുടെ പിന്നാലെ പോകുന്ന ഒരാള്‍ക്ക്‌, സ്പോര്‍ട്സ് രംഗങ്ങളുടെ പിന്നാലെ പോകുന്ന ഒരാള്‍ക്ക്‌ സംഭവിക്കാവുന്നത്‌ തന്നെ എനിക്കും സംഭവിച്ചു. അച്ഛന്റെ ആകാശക്കോട്ടകള്‍ ചവിട്ടിയരച്ചു കൊണ്ട് ഞാന്‍ പത്താം ക്ലാസ്സില്‍ തോറ്റു. അത് താങ്ങാനുള്ള ശേഷി അച്ഛനില്ലായിരുന്നു. തളര്‍ന്ന അച്ഛനെയും നോക്കി നില്‍ക്കുമ്പോള്‍ ഞാനാദ്യമായി എന്നെക്കുറിച്ചോര്‍ത്തു. രാഷ്ട്രീയത്തിന് വേണ്ടി ജീവിതം കളഞ്ഞുകുളിച്ചിട്ടെന്തു നേടി? ജീവന്‍ കളഞ്ഞു ക്ലബ്ബുകള്‍ക്ക് വേണ്ടി ടൂര്‍ണമെന്റുകളില്‍ കളിച്ചിട്ടെന്തു നേടി? ഒന്നും നേടിയില്ല. ഒരു നിവര്‍ത്തിയുമില്ലാതെ  വന്നപ്പോള്‍ ഒടുവില്‍ നാട് വിടേണ്ടി വന്നു. സ്നേഹപൂര്‍വ്വം ഒന്ന് യാത്ര അയയ്ക്കാന്‍ പോലും ഈ രാഷ്ട്രീയക്കാരും ക്ലബ്ബുകാരും വന്നില്ല.
     ബോംബെയിലേക്കാണ് ഞാന്‍ പോയത്. ജോഗീശ്വരി എന്ന സ്ഥലത്ത് അമ്മാവന്റെ കൂടെ താമസമാക്കി. ഒരു മാസത്തോളം ഒരു പെന്‍ കമ്പനിയില്‍ ജോലി കിട്ടി. അമ്മാവന്റെ വീട്ടില്‍ നിന്ന് ചില സ്നേഹിതന്മാരുടെ അടുത്തേക്ക് താമസം മാറ്റി. അവിടെ താമസിക്കുമ്പോഴാണ് സമ്പത്തിന്റെ വിളനിലമായ അറേബ്യന്‍ ഗള്‍ഫില്‍ പോയാലെന്താണെന്നു തോന്നിയത്. പാസ്പോര്‍ട്ടോ, വിസയോ ഇല്ല; കയ്യില്‍ പൈസയുമില്ല. അപ്പോഴാണ്‌ 500 രൂപ കൊടുത്താല്‍ ലോഞ്ച് വഴി അവിടെ എത്താന്‍ കഴിയുമെന്ന് ചില ഏജന്റുമാര്‍ പറഞ്ഞത്. വിവരം അച്ഛനെ അറിയിച്ചു. സന്തോഷത്തോടെ അച്ഛന്‍ അതിനു സമ്മതിച്ചു. ഉടന്‍ വേണ്ട ഏര്‍പ്പാടുകള്‍ ചെയ്തു. പിന്നെയും മൂന്നു നാല് മാസം ഏജന്റുമാരുടെ പിന്നാലെ ലോഞ്ചും പ്രതീക്ഷിച്ചു ഞാന്‍ നടന്നു. പെട്ടെന്ന് ഒരു ദിവസം ഏജന്റു അറിയിച്ചു, ലോഞ്ച് പോകുന്നുണ്ട്  'ജൂഹു' ബീച്ചില്‍ എത്തണമെന്ന്. കെട്ടും, ഭാണ്ഡവുമായി അവിടെ എത്തിച്ചേര്‍ന്നു. പക്ഷെ, അന്ന് വാഹനം പോയില്ല. പരിപാടി മറ്റൊരു ദിവസത്തേക്ക് നീട്ടി. മൂന്നാം ദിവസമാണ് പിന്നീട് നിശ്ചയിച്ചിരുന്നത്. അന്ന് ഒരു ചെറിയ പനി പിടിപെട്ടത് കൊണ്ട് പോകാന്‍ കഴിഞ്ഞില്ല. ലോഞ്ച് പുറപ്പെട്ടു കുറച്ചു ദിവസം ഓടിയപ്പോള്‍ എന്‍ജിനു തകരാറു സംഭവിക്കുകയും ഇറാന്‍ തീരത്ത് അടുക്കേണ്ടി വരികയും ചെയ്തു. ഇറാന്‍ പോലിസ് ലോഞ്ചിലുണ്ടായിരുന്നവരെ തടവിലാക്കുകയും ഇന്ത്യന്‍ എംബസി മുഖേന ഇന്ത്യയിലേക്ക്‌ തിരിച്ചയയ്ക്കുകയും ചെയ്തു. എന്റെ അസുഖമെല്ലാം മാറി, മറ്റൊരേജന്റുമായി കരാറിലേര്‍പ്പെട്ടു.(ആദ്യത്തെ ഏജന്റിനു 250 രൂപ അഡ്വാന്‍സ്‌ കൊടുത്തത് ഇതുവരെ തിരിച്ചു കിട്ടിയിട്ടില്ല) അദ്ദേഹത്തിന്റെ ലോഞ്ച് ഗുജറാത്തില്‍ നിന്നാണ് പുറപ്പെടുക എന്ന് എന്നോട് ആദ്യം പറഞ്ഞിരുന്നു. കുറച്ചു ദിവസങ്ങള്‍ക്കു ശേഷം ഗുജറാത്തില്‍ എത്തിച്ചേരണമെന്നു നിര്‍ദ്ദേശം കിട്ടി.രണ്ടാഴ്ചയോളം അവിടെയുള്ള രണ്ടു മൂന്നു വീടുകളിലായി ഞാനടക്കം 250 പേര്‍ താമസമാക്കി. അരപ്പട്ടിണിയില്‍ കുറെ ദിവസം അവിടെ കഴിച്ചു കൂട്ടി. എന്റെ ഡയറിക്കുറിപ്പ്‌ ശരിയാണെങ്കില്‍ ഡിസംബര്‍ 18 നു 250 പേരെയും വഹിച്ചു കൊണ്ടുള്ള 'ഒലിഹ്' എന്ന ലോഞ്ച് പുറപ്പെട്ടു. ഒമ്പത് ദിവസത്തെ യാത്ര വളരെ ക്ലേശപൂര്‍ണ്ണമായിരുന്നു. കുടിക്കാനുള്ള വെള്ളം പോലും കിട്ടാതെ ഞങ്ങള്‍ വല്ലാതെ കഷ്ടപ്പെട്ട് ചോദിച്ചതിനു പലര്‍ക്കും കനത്ത പ്രഹരം ഏല്‍ക്കേണ്ടി വന്നിട്ടുണ്ട്. ഒമ്പതാം ദിവസം ഏതാണ്ട് അഞ്ചു മണിക്ക് (വൈകുന്നേരം) ഷാര്‍ജയുടെ ഭാഗമായ ഗോര്‍ഫുക്കാന് വളരെ ദൂരെ ഒരു മലയിടുക്കില്‍ അരയറ്റം വെള്ളത്തില്‍ ഞങ്ങളെയെല്ലാം തള്ളി വിട്ടു കൊണ്ട് ലോഞ്ച് അതിവേഗത്തില്‍ ഓടിച്ചു പോയി. ഭക്ഷണവും വെള്ളവും ശരിക്ക് കിട്ടായ്കയാല്‍ ഒരു ചെറുപ്പക്കാരന്‍ ലോഞ്ചില്‍ നിന്ന് ഇറക്കുന്ന സമയത്ത് മരണമടഞ്ഞു. അവിടെത്തന്നെ ഒരു മലമുകളില്‍ അദ്ദേഹത്തെ മറവു ചെയ്തു കണ്ണീരോടെ ഞങ്ങള്‍ യാത്രയായി. സ്വന്തം കുടുംബത്തെ ദാരിദ്ര്യത്തില്‍ നിന്നും കര കയറ്റാന്‍ ഇറങ്ങിത്തിരിച്ച ആ നല്ല മനുഷ്യന്റെ കുടുംബത്തിന്റെ സ്ഥിതി ഓര്‍ത്തു ഞങ്ങള്‍ കരഞ്ഞു പോയി. ലോഞ്ച് ഇറക്കിയ സ്ഥലത്ത് നിന്ന് മൂന്നു ദിവസം നടന്നാണ് ഗോര്‍ഫുക്കാനയില്‍ എത്തിച്ചേര്‍ന്നത്. ആദ്യത്തെ രാത്രി ഒരു മരച്ചുവട്ടിലും, മറ്റു രണ്ടു രാത്രികള്‍ പള്ളിയിലും കഴിച്ചു കൂട്ടി. അവിടെ നിന്ന് മൂന്നു ദിവസം നടന്നു 'കല്‍ബ' എന്ന സ്ഥലത്തെത്തി. അറബികള്‍ തരുന്ന ഈത്തപ്പഴവും, കാവയുമായിരുന്നു ഞങ്ങളുടെ പ്രധാന ഭക്ഷണം. നാല് ദിവസം അവിടെ താമസിച്ചു. 1968 ജനുവരി ഒന്നാം തിയ്യതി ഒരറബിയുടെ 'ലേന്റ് റോവറില്‍ ' ഷാര്‍ജയില്‍ എത്തിച്ചേര്‍ന്നു. അവിടെ നിന്ന് ഒരു ടാക്സിയില്‍ ദുബൈയില്‍ എത്തി.
     രണ്ടു മാസത്തിനു ശേഷം പൌളിന്‍ എന്ന അമേരിക്കന്‍ കപ്പലില്‍ എനിക്ക് ജോലി കിട്ടി. കടല്‍ക്ഷോഭം കാരണം ഒരു മാസം കഴിഞ്ഞപ്പോള്‍ ഞാന്‍ ജോലി വിട്ടു. ഏപ്രില്‍ 12 നു ഒരു ഇംഗ്ലീഷ് കമ്പനിയില്‍ ജോലി കിട്ടി. മൂന്നു കൊല്ലത്തോളം അവിടെ ജോലി ചെയ്തു. പക്ഷെ, ആ ജോലിയും നഷ്ടപ്പെട്ടു. എത്രയെത്ര വാതിലുകള്‍ മുട്ടി.
     ഒടുവില്‍ ദൈവകൃപയാല്‍ ചെറിയൊരു ജോലി കിട്ടി. ആറുമാസത്തോളം അവിടെ ജോലി ചെയ്തു. അബൂദാബിയില്‍ പോയാല്‍ കുറെക്കൂടെ മെച്ചപ്പെട്ട ജോലി കിട്ടുമെന്ന് പലരും എന്നോട് പറഞ്ഞിരുന്നു. അതനുസരിച്ച് ദുബൈയിലുള്ള ജോലി വിട്ടു 1973 ജൂലൈ 11 നു അബൂദാബിയിലെത്തി. ഇവിടെയും ഒരു ഇംഗ്ലീഷ് കമ്പനിയില്‍ ജോലി ചെയ്യുന്നു.
     സമയം ചിലവഴിക്കാനായി രണ്ടു സമാജങ്ങള്‍ ഇവിടെയുണ്ട്. സ്നേഹിതന്മാരില്‍ പലരും ഇതില്‍ അംഗങ്ങളാണ്. രണ്ടിലും ഞാന്‍ അംഗമായി ചേര്‍ന്നിട്ടില്ല. രണ്ടിന്റെയും പ്രവര്‍ത്തനം ദൂരെ നിന്ന് വീക്ഷിക്കുന്നു. കാരണം കഴിഞ്ഞ കാലത്തിലെ എന്റെ അനുഭവം അത്ര കയ്പ്പേറിയതായിരുന്നു. സിനിമ മാത്രമാണ് ഇവിടത്തെ വിനോദം. മലയാള പടങ്ങള്‍ നാട്ടില്‍ കളിക്കുന്നതിനു മുമ്പ് ഇവിടെ എത്തുന്നുണ്ട്.ചുവന്ന തെരുവ് ഇവിടെയും ഉണ്ട്.
     പേര്‍ഷ്യക്കാരന്  വേദനകളില്ലെന്നും, അവന്‍ സുഖിച്ചു ജീവിക്കുകയാണെന്നും നമ്മുടെ നാട്ടിലുള്ളവര്‍ കരുതുന്നു. ചൂട് കാലത്ത് ഒരു കുപ്പി തണുത്ത വെള്ളം കിട്ടണമെങ്കില്‍ 10 പൈസ കൊടുക്കണം. ഇതാണ് ഇവിടത്തെ സ്ഥിതി. ജോലി ഇല്ലാതെ ബുദ്ധിമുട്ടുന്ന വളരെയധികം മലയാളി സുഹൃത്തുക്കള്‍ ഇവിടെയുണ്ട്. സ്വന്തമായുള്ള പുരയിടം പോലും പണയപ്പെടുത്തി ഇങ്ങോട്ട് വരാന്‍ വളരെയധികം ആളുകള്‍ വെമ്പല്‍ കൊള്ളുന്നു. നാട്ടിലുള്ള സ്വത്തു കൂടുതല്‍ വര്‍ധിപ്പിക്കാന്‍ വരുന്നവരും, പട്ടിണി കാരണം വരുന്നവരും ധാരാളം ഉണ്ട്. ജനിച്ച നാടിനോടും, സ്വന്തം വീടിനോടും യാതൊരു ഉത്തരവാദിത്വവുമില്ലാതെ ഇംഗ്ലീഷ് ബാറുകള്‍ മാറി മാറി കയറിയിറങ്ങി വിദേശമദ്യം കഴിച്ചു നടക്കുന്നവരും, ഫേഷന്‍ മാറുന്നതിനനുസരിച്ചു ജപ്പാന്റെയും; ജര്‍മ്മനിയുടെയും തുണിത്തരങ്ങള്‍ വാങ്ങി ഡ്രസ്സ്‌ ചെയ്തു സുഖമായി നടക്കുന്നവരും ഇവിടെയുണ്ട്.
     മറുനാടന്‍ ജീവിതം നിരവധി തീവ്രാനുഭവങ്ങളുടെ ഒരു തീച്ചൂള ഹൃദയത്തില്‍ സൃഷ്ടിച്ചിരിക്കുന്നു.എത്ര എത്ര പറഞ്ഞാലും അവസാനിക്കാത്ത കഥകള്‍ .

2010, മേയ് 5, ബുധനാഴ്‌ച

തെരുവ് വിളക്ക്

എന്റെ വീട്ടിലേക്കുള്ള വഴിയില്‍ വെച്ച് തൊട്ടടുത്ത വീട്ടിലെ ചേട്ടനെ കണ്ടപ്പോള്‍ ......

"എന്താ ചേട്ടാ മുകളിലേക്ക് നോക്കി നില്‍ക്കുന്നത്..?"

"അല്ലാ, ഈ പോസ്റ്റിലെ ലൈറ്റ് കത്താതായിട്ടു എത്ര നാളായി. ഈ രാഷ്ട്രീയക്കാരിതൊന്നും നോക്കുന്നില്ലേ..?"

"ഓ.. ഇത് കത്തുന്നില്ല അല്ലെ."

"ഇല്ലെന്നേ.. നമ്മുടെ കൌണ്‍സിലര്‍ ഇത് വല്ലതും അറിയുന്നുണ്ടോ...?  അവര്‍ക്ക് നമ്മളെയൊന്നും വേണ്ടെന്നു തോന്നുന്നു".

"ചേട്ടന്‍ ഈ വിവരം കൌണ്‍സിലറോട് പറഞ്ഞിരുന്നോ..?"

"ഇല്ല"

"കെ എസ് ഇ ബി യില്‍ എഴുതിയിട്ടിരുന്നോ...?"

"അതൊക്കെ നമ്മളാണോ ചെയ്യേണ്ടത്..?"

പിന്നെ ഞാനൊന്നും പറഞ്ഞില്ല. അടുത്ത ദിവസം തന്നെ ഞാന്‍ കെ എസ് ഇ ബി യില്‍ പോയി പരാതി പുസ്തകത്തില്‍ ഈ വിവരം എഴുതിയിട്ടു. രണ്ടു ദിവസത്തിനുള്ളില്‍ ലൈറ്റ് ശരിയാവുകയും ചെയ്തു.

2010, ഏപ്രിൽ 19, തിങ്കളാഴ്‌ച

മദ്യം

വെറുതെ 'വ്യായാമം' ചെയ്യലല്ല ആ വകുപ്പിന്റെ പണി എന്നറിയാം.
പക്ഷെ, വിവിധ സര്‍ക്കാര്‍ ആഫീസുകളിലെ വേണ്ടപ്പെട്ടവര്‍ക്ക് വിശേഷാവസരങ്ങളില്‍ മദ്യം എത്തിക്കുക എന്ന ഡ്യൂട്ടി കൂടി ഉണ്ട് എന്നറിയില്ലായിരുന്നു....!!

2010, ഏപ്രിൽ 16, വെള്ളിയാഴ്‌ച

കൌതുകക്കാഴ്ച

ഒരു സുഹൃത്തിന്റെ അച്ഛന്‍ മരിച്ചതറിഞ്ഞ് അവന്റെ വീട്ടില്‍ പോയതായിരുന്നു ഞങ്ങള്‍ . ചെറിയ വീടിന്റെ മുറ്റത്തും വഴിയിലും ആളുകള്‍ ഉണ്ടായിരുന്നു. ഞങ്ങള്‍ ചെന്നപ്പോള്‍ തന്നെ "സു......ന്റെ കൂട്ടുകാരാ.. അവര്‍ ബോഡി കണ്ടോട്ടെ"എന്ന് പറഞ്ഞു പ്രായമായ ഒരാള്‍ ഞങ്ങളുടെ മുന്നില്‍ നടന്നു, വീടിന്റെ മുന്‍വശത്തേക്ക് നയിച്ചു. നേരെ മുന്‍ വശത്തല്ലാത്ത പടി കടന്നു, മുറ്റത്തു കൂടെ നടന്നാണ് കോലായിലേക്ക് പ്രവേശിക്കേണ്ടത്. വീടിന്റെ മുന്‍വശത്തേക്ക് തുറന്നിരിക്കുന്ന ജനലിലൂടെ കുറെ പേര്‍ വളരെ താല്പര്യപൂര്‍വ്വം അകത്തേക്ക് നോക്കി നില്‍ക്കുന്നത് കണ്ടപ്പോള്‍ ബോഡി ആ മുറിയിലായിരിക്കുമെന്ന ധാരണയില്‍ ഞങ്ങളും അവരുടെ പുറകില്‍ നിന്ന് എത്തി നോക്കി. അവിടെ പക്ഷെ, അവന്റെ അമ്മയും മറ്റു അടുത്ത ബന്ധുക്കളും, ആകസ്മികമായ മരണം താങ്ങാനാവാതെ നിലവിളിച്ചു കരയുകയും മറ്റും ചെയ്യുന്നതാണ് ഞങ്ങള്‍ കണ്ടത്. ബോഡി കിടന്നിരുന്നത് മറ്റൊരു മുറിയിലായിരുന്നു.

അന്ന് അവരുടെ കയ്യില്‍ മൊബൈല്‍ ക്യാമറകള്‍ ഇല്ലാതിരുന്നത് നന്നായി എന്ന് ഇപ്പോള്‍ തോന്നുന്നു. അന്ന് വെറുതെ നോക്കി നിന്നു. ഇന്നാണെങ്കില്‍ മൊബൈലില്‍ എടുക്കും.. അത്രേയുള്ളൂ വ്യത്യാസം..!

2010, മാർച്ച് 29, തിങ്കളാഴ്‌ച

ഗള്‍ഫിലെ എ സി

അബുദാബി എയര്‍പോര്‍ട്ടില്‍ കാര്‍ഗോ ഡിപ്പാര്‍ട്ട്മെന്റിലെ സി എം സി സി സെക്ഷനില്‍ ജോലി ചെയ്തിരുന്ന കാലം. പുറപ്പെടാന്‍ തയ്യാറായി നില്‍ക്കുന്ന ഫ്ലൈറ്റിനടുത്തേക്ക്, നിര്‍ദ്ദേശിക്കപ്പെട്ട കാര്‍ഗോ യൂണിറ്റുകള്‍ അയക്കുക എന്നതാണ് ജോലി. ഒരു ദിവസം നാട്ടില്‍ നിന്ന് ഒരു സുഹൃത്ത് ഫോണില്‍ വിളിച്ചു. സെക്യൂരിറ്റി കാണാതെ അകത്തു കടത്തിയതാണ് മൊബൈല്‍ . കാര്‍ഗോ ഹോള്‍ഡിംഗ് ഏരിയയിലെ ഏതെങ്കിലും കാര്‍ഗോ യൂണിറ്റിന്റെ മറയില്‍ നിന്നാല്‍ ആരും കാണാതെ സംസാരിക്കാം. പിടിച്ചാല്‍ പണിയാണ്. വിശേഷങ്ങള്‍ക്കിടെ ജോലി എങ്ങനെയുണ്ട് എന്ന് ചോദിച്ച സുഹൃത്തിനോട് "ജോലി വലിയ സുഖമൊന്നുമില്ല, ഇവിടെ ഭയങ്കര ചൂടാണ്" എന്ന് ഞാന്‍ പറഞ്ഞു.
"ചൂട് പുറത്തല്ലേ, നിങ്ങള്‍ ഗള്‍ഫുകാര്‍ എപ്പോഴും എസിക്കകത്തല്ലേ" എന്ന് സുഹൃത്ത്... "റൂമിലും കാറിലും എന്തിനു, കക്കൂസില്‍ വരെ എസി".
"ശരിയാണ് പക്ഷെ ഞാന്‍ ജോലി ചെയ്യുന്നത് പുറത്താണ്" എന്ന് പറഞ്ഞിട്ട് അവന്‍ വിശ്വസിക്കുന്നില്ല.
"നിങ്ങള്‍ ഗള്‍ഫുകാര്‍ അവിടെ എസി മുറിക്കകത്തിരുന്നു സുഖിക്കും. എന്നിട്ട് അങ്ങോട്ട്‌ വരാന്‍ കാത്തിരിക്കുന്നവരെ, ചൂടാണ് എന്നൊക്കെപ്പറഞ്ഞു നിരുല്സാഹപ്പെടുത്തും" ഇങ്ങനെ പോയി അവന്റെ ആരോപണങ്ങള്‍ .
മുകളില്‍ കത്തുന്ന സുര്യന്‍ .. താഴെ ചുട്ടു പഴുത്ത അവസ്ഥയിലുള്ള ടാര്‍ ചെയ്ത പ്രതലം.. കണ്ണ് തുറക്കാന്‍ പറ്റാത്ത അവസ്ഥ.. അകത്തെ മോണിറ്ററില്‍ 50 ഡിഗ്രി ചൂട് കാണിക്കുന്നു.. (അതില്‍ കൂടുതല്‍ ഉണ്ടെങ്കിലും കാണിക്കില്ല എന്ന് മലയാളി സുഹൃത്തുക്കള്‍ ) വിയര്‍ത്തൊലിക്കുന്ന അവസ്ഥയിലും, ഞാന്‍ ചിരിക്കണോ അതോ കരയണോ എന്ന കണ്‍ഫ്യുഷനിലായിരുന്നു.

2010, മാർച്ച് 11, വ്യാഴാഴ്‌ച

കല്ലേറ്

നാലാം ക്ലാസ്സില്‍ പഠിക്കുന്ന, എന്റെ നാട്ടിലെ ഒരു കുട്ടിയെ ഒരു ദിവസം വഴിയില്‍ വെച്ച് കണ്ടപ്പോള്‍ ഞാന്‍ ചോദിച്ചു... "എന്താടാ... ഇന്ന് നീ സ്കൂളില്‍ പോയില്ലേ...?"

അവന്‍ കാലു പൊക്കിക്കാണിച്ചു കൊണ്ട് പറഞ്ഞു "കാലു പൊട്ടീരിക്ക്യാ മാഷേ"

"എന്താ പറ്റ്യേതു... എങ്ങനെയാ കാലു പൊട്ട്യേ ?" ഞാന്‍ ചോദിച്ചു.

"അത് ഒരു ഹിന്ദു കുട്ടി കല്ലെടുത്തെറിഞ്ഞതാ...!!"

അവന്റെ മറുപടി കേട്ട് സ്വാഭാവികമായും ഞാന്‍ ഞെട്ടി.
"എന്തിനാടാ ഹിന്ദു കുട്ടി എന്ന് പറയുന്നത്... ഒരു കുട്ടി എന്ന് പറഞ്ഞാല്‍ പോരെ...?" ഞാന്‍ ചോദിച്ചു.

"അവന്‍ ഹിന്ദു തന്നെ ആണ് മാഷേ...!!!"

അവനെ പറഞ്ഞു മനസ്സിലാക്കാന്‍ ശ്രമിച്ചിട്ട് കാര്യമില്ലെന്ന് എനിക്ക് തോന്നി. അല്ല, അവനെ പറഞ്ഞിട്ട് കാര്യമില്ല. ഒരു ഇസ്ലാമിക് സ്കൂളിലാണ് അവന്‍ പഠിക്കുന്നത്. അവിടെ മുസ്ലിം വിദ്യാര്‍ത്ഥികളല്ലാതെ വേറെ ആരും കാണില്ല. അപ്പോള്‍ അവന്‍ ഏറെക്കുറെ മുഴുവന്‍ സമയവും ചിലവഴിക്കുന്നത് ഒരു മതത്തില്‍പ്പെട്ടവരുമായി മാത്രമാണ്. ഇതര മതസ്ഥരുമായി ഇടപഴകാന്‍ അവസരം കുറയുമ്പോള്‍ കുട്ടികളുടെ ലോകം തന്നെ വളരെ ചുരുങ്ങിപ്പോകുന്നു. ഒപ്പം അവരുടെ വീക്ഷണവും.

2010, മാർച്ച് 3, ബുധനാഴ്‌ച

ഓഫര്‍

ഇന്ന്, വീട്ടുപകരണങ്ങള്‍ ചുളുവിലയ്ക്ക് വാങ്ങാന്‍ കിട്ടിയ ഒരു സുവര്‍ണ്ണാവസരം എന്റെ ഉമ്മ നഷ്ടപ്പെടുത്തി. വീട്ടില്‍ വന്നു കയറിയ മഹാലക്ഷ്മിയെ പുറംകാലു കൊണ്ട് തട്ടിയകറ്റി എന്ന് പറഞ്ഞാല്‍ മതിയല്ലോ. ഏതോ ഒരു പ്രമുഖ(?) കമ്പനിയിലെ സെയില്‍സ് റപ്രസെന്റെടിവ് ആയ ഒരു ലേഡി ആണ് മഹാലക്ഷ്മിയായി വന്നത്. ഓഫര്‍ ഇതാണ്. അവരുടെ കമ്പനിയുടെ രണ്ടായിരം രൂപ വിലമതിക്കുന്ന വീട്ടുപകരണങ്ങള്‍ നമുക്ക് വെറും 650 രൂപയ്ക്കു തരും. അവര്‍ ചോദിക്കുന്ന ഒരു കുസൃതി ചോദ്യത്തിന് ശരിയുത്തരം പറഞ്ഞാല്‍ മാത്രം മതി! എത്ര സിമ്പിള്‍ ആയ ഓഫര്‍ അല്ലെ..? ഇനി ഉത്തരം പറയാന്‍ കഴിഞ്ഞില്ലെങ്കിലോ, ഈ വീട്ടുപകരണങ്ങള്‍ രണ്ടായിരം രൂപയ്ക്കു വാങ്ങിയാല്‍ പോലും ഭയങ്കര ലാഭമാണത്രെ. ഛെ.! എന്റെ ഉമ്മയുടെ തികച്ചും പിന്തിരിപ്പന്‍ ആയ ചിന്താഗതി മൂലം ആ ഓഫര്‍ നഷ്ടപ്പെട്ടു. ചോദ്യം ചോദിച്ചു ബുദ്ധിമുട്ടേണ്ട എന്നു പറഞ്ഞു മടക്കി വിട്ടു.

വരട്ടെ.. അടുത്ത തവണ നോക്കാം........

2010, ഫെബ്രുവരി 19, വെള്ളിയാഴ്‌ച

സമയനിഷ്ഠ

സര്‍ക്കാര്‍ ഓഫീസില്‍ കേട്ടത്..............

"............ സാറേ, നമുക്കിപ്പോ ടൌണില്‍ പോയി അത് വാങ്ങി വന്നാലോ...? ഇന്ന് തന്നെ വേണ്ടതല്ലേ...?"
"ഏയ്‌... രണ്ടു മണി കഴിയട്ടെ കുട്ടാ... ഇപ്പൊ നമുക്ക് ലഞ്ച് ബ്രേക്കല്ലേ...?"

****************

"................യേട്ടാ, സപ്പ്ലൈ ഓഫീസിലെ അനിലേട്ടന്‍ ആസ്പത്രീന്ന് വന്നു. ഇപ്പൊ വീട്ടിലുണ്ട്. നമുക്ക് പോയി കാണണ്ടേ...?"
"ഇപ്പളാ... ഇപ്പൊ നാലര കഴിഞ്ഞില്ലേ... നമുക്ക് വീട്ടീ പോണ്ടേ...? നാളെ ഒരു മൂന്നര - നാല് മണിക്ക് പുവ്വാം. അപ്പൊ അഞ്ചിന് മുന്‍പ് തിരിച്ചെത്ത്വേം ചെയ്യാം...!"

****************

"സാറേ, ഒരു സംശയം ചോദിച്ചോട്ടെ....?"
"ഇല്ലില്ല... ഇനി തിങ്കളാഴ്ച വാ... ഇന്നത്തെ സമയം കഴിഞ്ഞു..."
"അതെന്താ സാറേ...? ഒരു സംശയല്ലേ...!"
"അതൊന്നും പറഞ്ഞിട്ട് കാര്യല്ല്യ...ഇന്ന് ശനിയാഴ്ചയാണ്... ഇന്ന് ബാങ്കൊക്കെ പന്ത്രണ്ടര വരല്ലേ ഉള്ളൂ... അപ്പൊ ഞാനെങ്ങന്യാ ഇപ്പൊ മറുപടി പറയ്യാ...?!!"

2010, ഫെബ്രുവരി 3, ബുധനാഴ്‌ച

ദെശാന്ത്‌

എന്റെ സുഹൃത്ത്‌ ദെശാന്തിന്റെ, സമകാലിക സംഭവങ്ങളോടുള്ള പ്രതികരണങ്ങള്‍ വളരെ വിചിത്രങ്ങളാണ്....
ആളൊരു കടുത്ത അരാഷ്ട്രീയ വാദിയാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ........!

ഉറക്കെ പത്രം വായിക്കുകയാണ്....
"കുവൈറ്റില്‍ നൂറു കണക്കിന് വഴി വാണിഭക്കാരെ പോലീസ് നാട് കടത്തി"
ഇതിനോടുള്ള പ്രതികരണം......
"ഛെ..! ഈ വെടികള്‍ക്കൊക്കെ വേറെ വല്ല പണിക്കും പൊയ്ക്കൂടെ.....?!"

**************
കോടതി ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ചു ഡി വൈ എഫ് ഐ ക്കാര്‍ ഹൈക്കോടതി മാര്‍ച്ച് നടത്തിയ വാര്‍ത്ത ചാനലില്‍ കണ്ടപ്പോള്‍ ........
"എന്തടാ ത്..... ഈ അച്ചുമ്മാമന്‍ ഇവര്‍ക്കൊന്നും മര്യാദക്ക് പെന്‍ഷന്‍ കൊടുക്കുന്നുണ്ടാവില്ല....... അല്ലെങ്കില്‍ പിന്നെ ഇവര്‍ വെറുതെ മാര്‍ച്ച് നടത്തുമോ.....?!"

**************
"ഈ ആശുപത്രീല്‍ വെച്ചൊക്കെ എത്ര പേരാ മരിക്കുന്നത്.... സര്‍ക്കാരിന് ഒരു നിയമം കൊണ്ട് വന്നാ മതി ഇവരുടെയൊക്കെ കണ്ണ്, കണ്ണില്ലാത്തവര്‍ക്ക് കൊടുക്കാന്‍ ....... അതിനെങ്ങനാ ഈ രാഷ്ട്രീയക്കാര് നാട് നന്നാവാന്‍ സമ്മതിക്കില്ലല്ലോ....?"
"ദെശാന്തേ, നിനക്ക് നിന്റെ കണ്ണ് ദാനം ചെയ്യാം എന്ന് എഴുതിക്കൊടുത്തു കൂടെ....? ഒരാള്‍ക്കെങ്കിലും കിട്ടട്ടെ...."
"ഏയ്‌... അത് ശരിയാവില്ല... എന്റെ കണ്ണ് ഞാനാര്‍ക്കും കൊടുക്കില്ല...."

*************
"ഗതാഗത മന്ത്രി ശ്രീ മാത്യു ടി തോമസിന്റെ കാര്‍ കേടായതിനെ തുടര്‍ന്ന് മന്ത്രി കേസാര്‍ടിസി ബസ്സില്‍ കയറി യാത്ര തുടര്‍ന്നു"
"കണ്ടാ.... ഇവന്മാരൊക്കെ ഭരിക്കുമ്പോള്‍ മന്ത്രിടെ കാര്‍ വരെ കേടാവുന്നു.... പിന്നെ നമ്മളെപ്പോലുള്ളവന്റെ കാര്യം പറയാനുണ്ടാ....!!"

2010, ജനുവരി 15, വെള്ളിയാഴ്‌ച

ക്ഷീരമുള്ളോരകിടിന്‍ ചുവട്ടിലും.............

വര്‍ഷങ്ങള്‍ക്കു മുന്‍പ്......

തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന കു. ജയലളിതയുടെ കേരള സന്ദര്‍ശനം നടക്കുന്നു.
ഗുരുവായൂരപ്പന്റെ തിരുനടയില്‍ വെച്ച് യുവമോര്‍ച്ചക്കാര്‍ പ്രതിഷേധ സൂചകമായി കരിങ്കൊടി കാണിച്ചു.
അവരുടെ മേല്‍ കേരള പോലീസിന്റെ ലാത്തിപ്പ്രയോഗം.
തല്ലു കൊള്ളാതിരിക്കാന്‍ യുവമോര്‍ച്ചക്കാര്‍ തലങ്ങും വിലങ്ങും ഓടുന്നു.
വലിയ ഒരാള്‍ക്കൂട്ടത്തിന്റെ നടുക്കാണ് ജയലളിത നില്‍ക്കുന്നത്...
ആകെ കൂടി ഒരു സംഘര്‍ഷഭരിതമായ അന്തരീക്ഷം.
ആശയപരമായി ഒട്ടും യോജിപ്പില്ലെങ്കിലും അവര്‍ക്ക് തല്ലു കൊള്ളുന്ന ഈ ദൃശ്യങ്ങള്‍ ടിവിയില്‍ കണ്ടു കൊണ്ടിരുന്ന എനിക്കും ചെറിയ മനപ്രയാസം തോന്നാതിരുന്നില്ല.
ഈ ക്യാമറ ദൃശ്യങ്ങള്‍ നോക്കികൊണ്ട്‌ എന്റെ സുഹൃത്തിന്റെ പെങ്ങളുടെ കമന്റ്‌...

"ഹൌ... ഈ ജയലളിത എന്തോരം ലിപ്സ്ടിക്കാ തേച്ച്ചിരിക്കണേ.......!!!!"

**************

സര്‍ക്കാര്‍ ജീവനക്കാരുടെ സമഗ്രമായ വിവരങ്ങള്‍ ഓണ്‍ലൈന്‍ ആയി ശേഖരിക്കപ്പെടുകയും ശമ്പള ബില്ലുകളും മറ്റും ഓണ്‍ലൈന്‍ ആയിത്തന്നെ തയ്യാറാക്കുകയും ചെയ്യുന്ന, കേരള സര്‍ക്കാരിന്റെ പുതിയ പദ്ധതിയാണ് `സ്പാര്‍ക്ക്'. ജീവനക്കാരെ സംബന്ധിച്ചിടത്തോളം അവരുടെ സേവന വേതന വിഷയങ്ങളുമായി ബന്ധപ്പെട്ട എല്ലാ നടപടിക്രമങ്ങള്‍ക്കും പുതിയ വേഗത അവകാശപ്പെട്ടു കൊണ്ടുള്ളതാണ് ഈ നോട്ടീസ്. ഇത് ഓഫീസില്‍ കിട്ടിയപ്പോള്‍ ഒരു ജീവനക്കാരിയുടെ ആദ്യ പ്രതികരണം ഇങ്ങനെ......

"ഹൈ....... നല്ല അടിപൊളി ക്യൂട്ടെക്സ്‌ ഒക്കെ ഇട്ടിട്ടുണ്ടല്ലോ.....!!"

2010, ജനുവരി 1, വെള്ളിയാഴ്‌ച

കടിഞ്ഞൂല്‍ കമന്റ്‌

ഓഫീസില്‍ .......

"എന്താണിത്ര സന്തോഷം....? എന്താ... ഒറ്റക്കിരുന്നു ആലോചിച്ചു ചിരിക്കുന്നെ....?"
"ഏയ്‌.. ഒന്നൂല്ല സാര്‍ "
"എന്താടോ... കണ്ണൊക്കെ നിറഞ്ഞിട്ടുണ്ടല്ലോ........!"
"ഇല്ല സര്‍ ... അത് ........ ഒന്നൂല്ല സാര്‍ ......"
"പറയടോ..... ഞങ്ങളും അറിയട്ടെ തന്റെ സന്തോഷം.... ഞങ്ങളും ചിരിക്കട്ടെ......"
"അല്ല സാറേ... അത് പിന്നെ... ഒരു മാസം മുന്‍പ് ഞാന്‍ തൊടങ്ങ്യേ ബ്ലോഗില് ഇന്നലെ ആദ്യായിട്ടൊരു കമന്റ്‌ വന്നു.....അതാ..!!!"
"ബ്ലോഗാ.... അതെന്താ സാധനം....?!"

--------

"ശോ... എന്റെ സന്തോയം ഞാനാരോടാ ഒന്ന് പറയ്യാ........ ഹെന്റെ ബൂലോകരെ.............!!"