2010, മാർച്ച് 29, തിങ്കളാഴ്‌ച

ഗള്‍ഫിലെ എ സി

അബുദാബി എയര്‍പോര്‍ട്ടില്‍ കാര്‍ഗോ ഡിപ്പാര്‍ട്ട്മെന്റിലെ സി എം സി സി സെക്ഷനില്‍ ജോലി ചെയ്തിരുന്ന കാലം. പുറപ്പെടാന്‍ തയ്യാറായി നില്‍ക്കുന്ന ഫ്ലൈറ്റിനടുത്തേക്ക്, നിര്‍ദ്ദേശിക്കപ്പെട്ട കാര്‍ഗോ യൂണിറ്റുകള്‍ അയക്കുക എന്നതാണ് ജോലി. ഒരു ദിവസം നാട്ടില്‍ നിന്ന് ഒരു സുഹൃത്ത് ഫോണില്‍ വിളിച്ചു. സെക്യൂരിറ്റി കാണാതെ അകത്തു കടത്തിയതാണ് മൊബൈല്‍ . കാര്‍ഗോ ഹോള്‍ഡിംഗ് ഏരിയയിലെ ഏതെങ്കിലും കാര്‍ഗോ യൂണിറ്റിന്റെ മറയില്‍ നിന്നാല്‍ ആരും കാണാതെ സംസാരിക്കാം. പിടിച്ചാല്‍ പണിയാണ്. വിശേഷങ്ങള്‍ക്കിടെ ജോലി എങ്ങനെയുണ്ട് എന്ന് ചോദിച്ച സുഹൃത്തിനോട് "ജോലി വലിയ സുഖമൊന്നുമില്ല, ഇവിടെ ഭയങ്കര ചൂടാണ്" എന്ന് ഞാന്‍ പറഞ്ഞു.
"ചൂട് പുറത്തല്ലേ, നിങ്ങള്‍ ഗള്‍ഫുകാര്‍ എപ്പോഴും എസിക്കകത്തല്ലേ" എന്ന് സുഹൃത്ത്... "റൂമിലും കാറിലും എന്തിനു, കക്കൂസില്‍ വരെ എസി".
"ശരിയാണ് പക്ഷെ ഞാന്‍ ജോലി ചെയ്യുന്നത് പുറത്താണ്" എന്ന് പറഞ്ഞിട്ട് അവന്‍ വിശ്വസിക്കുന്നില്ല.
"നിങ്ങള്‍ ഗള്‍ഫുകാര്‍ അവിടെ എസി മുറിക്കകത്തിരുന്നു സുഖിക്കും. എന്നിട്ട് അങ്ങോട്ട്‌ വരാന്‍ കാത്തിരിക്കുന്നവരെ, ചൂടാണ് എന്നൊക്കെപ്പറഞ്ഞു നിരുല്സാഹപ്പെടുത്തും" ഇങ്ങനെ പോയി അവന്റെ ആരോപണങ്ങള്‍ .
മുകളില്‍ കത്തുന്ന സുര്യന്‍ .. താഴെ ചുട്ടു പഴുത്ത അവസ്ഥയിലുള്ള ടാര്‍ ചെയ്ത പ്രതലം.. കണ്ണ് തുറക്കാന്‍ പറ്റാത്ത അവസ്ഥ.. അകത്തെ മോണിറ്ററില്‍ 50 ഡിഗ്രി ചൂട് കാണിക്കുന്നു.. (അതില്‍ കൂടുതല്‍ ഉണ്ടെങ്കിലും കാണിക്കില്ല എന്ന് മലയാളി സുഹൃത്തുക്കള്‍ ) വിയര്‍ത്തൊലിക്കുന്ന അവസ്ഥയിലും, ഞാന്‍ ചിരിക്കണോ അതോ കരയണോ എന്ന കണ്‍ഫ്യുഷനിലായിരുന്നു.

2010, മാർച്ച് 11, വ്യാഴാഴ്‌ച

കല്ലേറ്

നാലാം ക്ലാസ്സില്‍ പഠിക്കുന്ന, എന്റെ നാട്ടിലെ ഒരു കുട്ടിയെ ഒരു ദിവസം വഴിയില്‍ വെച്ച് കണ്ടപ്പോള്‍ ഞാന്‍ ചോദിച്ചു... "എന്താടാ... ഇന്ന് നീ സ്കൂളില്‍ പോയില്ലേ...?"

അവന്‍ കാലു പൊക്കിക്കാണിച്ചു കൊണ്ട് പറഞ്ഞു "കാലു പൊട്ടീരിക്ക്യാ മാഷേ"

"എന്താ പറ്റ്യേതു... എങ്ങനെയാ കാലു പൊട്ട്യേ ?" ഞാന്‍ ചോദിച്ചു.

"അത് ഒരു ഹിന്ദു കുട്ടി കല്ലെടുത്തെറിഞ്ഞതാ...!!"

അവന്റെ മറുപടി കേട്ട് സ്വാഭാവികമായും ഞാന്‍ ഞെട്ടി.
"എന്തിനാടാ ഹിന്ദു കുട്ടി എന്ന് പറയുന്നത്... ഒരു കുട്ടി എന്ന് പറഞ്ഞാല്‍ പോരെ...?" ഞാന്‍ ചോദിച്ചു.

"അവന്‍ ഹിന്ദു തന്നെ ആണ് മാഷേ...!!!"

അവനെ പറഞ്ഞു മനസ്സിലാക്കാന്‍ ശ്രമിച്ചിട്ട് കാര്യമില്ലെന്ന് എനിക്ക് തോന്നി. അല്ല, അവനെ പറഞ്ഞിട്ട് കാര്യമില്ല. ഒരു ഇസ്ലാമിക് സ്കൂളിലാണ് അവന്‍ പഠിക്കുന്നത്. അവിടെ മുസ്ലിം വിദ്യാര്‍ത്ഥികളല്ലാതെ വേറെ ആരും കാണില്ല. അപ്പോള്‍ അവന്‍ ഏറെക്കുറെ മുഴുവന്‍ സമയവും ചിലവഴിക്കുന്നത് ഒരു മതത്തില്‍പ്പെട്ടവരുമായി മാത്രമാണ്. ഇതര മതസ്ഥരുമായി ഇടപഴകാന്‍ അവസരം കുറയുമ്പോള്‍ കുട്ടികളുടെ ലോകം തന്നെ വളരെ ചുരുങ്ങിപ്പോകുന്നു. ഒപ്പം അവരുടെ വീക്ഷണവും.

2010, മാർച്ച് 3, ബുധനാഴ്‌ച

ഓഫര്‍

ഇന്ന്, വീട്ടുപകരണങ്ങള്‍ ചുളുവിലയ്ക്ക് വാങ്ങാന്‍ കിട്ടിയ ഒരു സുവര്‍ണ്ണാവസരം എന്റെ ഉമ്മ നഷ്ടപ്പെടുത്തി. വീട്ടില്‍ വന്നു കയറിയ മഹാലക്ഷ്മിയെ പുറംകാലു കൊണ്ട് തട്ടിയകറ്റി എന്ന് പറഞ്ഞാല്‍ മതിയല്ലോ. ഏതോ ഒരു പ്രമുഖ(?) കമ്പനിയിലെ സെയില്‍സ് റപ്രസെന്റെടിവ് ആയ ഒരു ലേഡി ആണ് മഹാലക്ഷ്മിയായി വന്നത്. ഓഫര്‍ ഇതാണ്. അവരുടെ കമ്പനിയുടെ രണ്ടായിരം രൂപ വിലമതിക്കുന്ന വീട്ടുപകരണങ്ങള്‍ നമുക്ക് വെറും 650 രൂപയ്ക്കു തരും. അവര്‍ ചോദിക്കുന്ന ഒരു കുസൃതി ചോദ്യത്തിന് ശരിയുത്തരം പറഞ്ഞാല്‍ മാത്രം മതി! എത്ര സിമ്പിള്‍ ആയ ഓഫര്‍ അല്ലെ..? ഇനി ഉത്തരം പറയാന്‍ കഴിഞ്ഞില്ലെങ്കിലോ, ഈ വീട്ടുപകരണങ്ങള്‍ രണ്ടായിരം രൂപയ്ക്കു വാങ്ങിയാല്‍ പോലും ഭയങ്കര ലാഭമാണത്രെ. ഛെ.! എന്റെ ഉമ്മയുടെ തികച്ചും പിന്തിരിപ്പന്‍ ആയ ചിന്താഗതി മൂലം ആ ഓഫര്‍ നഷ്ടപ്പെട്ടു. ചോദ്യം ചോദിച്ചു ബുദ്ധിമുട്ടേണ്ട എന്നു പറഞ്ഞു മടക്കി വിട്ടു.

വരട്ടെ.. അടുത്ത തവണ നോക്കാം........