2010, ഒക്‌ടോബർ 10, ഞായറാഴ്‌ച

കാലത്തിന്റൊരു പോക്കേ...!!

എന്റെ എല്‍ പി സ്കൂള്‍ കാലഘട്ടം..
   അടുത്ത വീട്ടിലെ സെക്കീനത്തയുടെ കല്ല്യാണം കഴിഞ്ഞെത്തിയ സിറാജുക്ക എന്റെ മാമയോട്. "ടാ.. അവള്‍ക്ക് തീരെ നാണൊന്നൂല്ലട്ടാ... നല്ല ഉഷാറായ്ട്ട് ചെക്കന്റെ കൂടെന്നെ നിക്ക്ണ‌്ണ്ട്.. മാലടുമ്പോ പോലൂല്ല പേരിനെങ്കിലും ഒരു നാണം..!!"


ഞാന്‍ എട്ടാം ക്ലാസ്സില്‍ ....
   ഉമ്മര്‍ മാമയുടെ കല്ല്യാണം നിശ്ചയിച്ചു. ബന്ധുവായ ഒരു സ്ത്രീ എന്റെ ഉമ്മയോട്. "ഉമ്മറവളെ ഫോണ്‍ വിളിക്കാറ്ണ്ട്ന്ന്..! അവരെ വീട്ടിലും കൊഴപ്പല്ലാത്രെ..!! കാലത്തിന്റൊരു പോക്കേ..!!"



ഞാന്‍ കോളേജില്‍ ...
   ജാസ്മിത്തയുടെ കല്ല്യാണം കഴിഞ്ഞു. എന്റെ ഇത്തയോട് അമ്മായിയുടെ മകള്‍ ശെജിനത്ത. "ജാസ്മി അളിയനെ പേരാത്രെ വിളിക്ക്യാ..!!"


ഇന്ന്...
   പെണ്ണുങ്ങള്‍ക്കു സീറ്റ് ഫിഫ്റ്റി - ഫിഫ്റ്റിയാത്രെ...!!

2010, ഒക്‌ടോബർ 2, ശനിയാഴ്‌ച

ദോഷൈകദൃക്ക്

          ട്രഷറിയിലെ ടെല്ലര്‍ കൗണ്ടറില്‍ ഒരാള്‍ ചെക്കുമായി വന്നു. അക്കൗണ്ടന്റ് ചെക്ക് വാങ്ങി നോക്കി. ഒന്നും എഴുതിയിട്ടില്ല. എഴുതാനുള്ളതെല്ലാം എഴുതാന്‍ പറഞ്ഞ് ചെക്ക് തിരിച്ചു കൊടുത്തു. വന്നയാള്‍ തിരികെ ബെഞ്ചില്‍ പോയിരുന്നു എഴുതി. വീണ്ടും കൗണ്ടറില്‍ കൊടുത്തു. അക്കൗണ്ടന്റ് നോക്കിയപ്പോള്‍ ഒപ്പിട്ടിട്ടില്ല. ഒപ്പിടാനായി തിരികെ കൊടുത്തു. ഒപ്പിട്ടു. ഇപ്പോള്‍ കുഴപ്പമില്ല. ചെക്ക് കമ്പ്യൂട്ടറില്‍ എന്റര്‍ ചെയ്യാന്‍ തുടങ്ങി. നോക്കുമ്പോള്‍ അയാള്‍ എഴുതിയിരിക്കുന്ന അത്രയും തുക അക്കൗണ്ടിലില്ല. ബാലന്‍സുള്ള തുക എത്രയാണെന്നു പറ‍ഞ്ഞു കൊടുത്തു. തുക തിരുത്തിയെഴുതാനായി ചെക്ക് വീണ്ടും തിരികെ കൊടുത്തു. വന്നയാള്‍ വീണ്ടും ബെഞ്ചിനരികില്‍ പോയി. തുക തിരുത്തിയെഴുതി. എന്നിട്ട് ആരോടെന്നില്ലാതെ ഒരു ആത്മഗതം:

"ഇതിപ്പൊ മൂന്നാംത്തെ പ്പ്രാവശ്യാ... ഇനി അടുത്തതെന്തു കുറ്റാണാവോ അയാള് കണ്ടുപിടിക്ക്യ.....!"