2010, മേയ് 9, ഞായറാഴ്‌ച

മറുനാടന്‍ മലയാളി - ഒരു ഓര്‍മ്മക്കുറിപ്പ്‌

40 വര്‍ഷത്തെ നീണ്ട പ്രവാസ ജീവിതത്തിനു ശേഷം നാട്ടില്‍ വിശ്രമജീവിതം നയിക്കുന്ന എന്റെ ഉപ്പയുടെ പഴയ ശേഖരത്തില്‍ നിന്നും കിട്ടിയ ഒരു കുറിപ്പ് ഇവിടെ ഇടുന്നു. 1974 -ലോ 75 -ലോ, കുങ്കുമം വാരികയിലോ മറ്റോ പ്രസിദ്ധീകരിച്ചിരുന്നതാണ് ഇത്. (പേജുകള്‍ നഷ്ടപ്പെട്ട അവസ്ഥയിലുള്ള ഒരു പഴയ പുസ്തകമാണ് എനിക്ക് കിട്ടിയത്. പേര് കാണാനില്ല. ഉപ്പ കൃത്യമായി ഓര്‍ക്കുന്നുമില്ല) 
                            ------------------------------
     തൃശൂര്‍ പട്ടണത്തിനു പതിനെട്ടു മൈല്‍ അകലെയുള്ള ഒരു നാട്ടിന്‍ പുറത്തു ഒരു കച്ചവടക്കാരന്റെ മകനായി ഞാന്‍ ജനിച്ചു. നാട്ടിന്‍ പുറത്തെ ഒരു സാധാരണ കച്ചവടക്കാരന്റെ 'സ്ഥിതി'കളെക്കുറിച്ച് പ്രത്യേകം എടുത്തു പറയേണ്ട കാര്യമില്ലല്ലോ. എങ്കിലും നാലുപേരെപ്പോലെ എന്നെയും പഠിപ്പിച്ചു വലിയൊരാളാക്കണം എന്ന് എന്റെ അച്ഛനും ആഗ്രഹമുണ്ടായിരുന്നു. ഞാന്‍ പത്താം ക്ലാസ്സിലെത്തിയപ്പോള്‍ , അച്ഛന്റെ കച്ചവടം ശോഷിച്ചു ഇല്ലാതായിക്കൊണ്ടിരിക്കുന്നത് വേദനയോടെ നോക്കിക്കാണേണ്ടി വന്നു. പക്ഷെ, ഞാനത് മനസ്സിലാക്കാന്‍ വൈകിയിരുന്നു. ഊണും ഉറക്കവുമൊഴിഞ്ഞു ക്ലാസ്സില്‍ പോലും കയറാതെ വിദ്യാര്‍ഥി പ്രസ്ഥാനങ്ങളുടെ പിന്നാലെ പോകുന്ന ഒരാള്‍ക്ക്‌, സ്പോര്‍ട്സ് രംഗങ്ങളുടെ പിന്നാലെ പോകുന്ന ഒരാള്‍ക്ക്‌ സംഭവിക്കാവുന്നത്‌ തന്നെ എനിക്കും സംഭവിച്ചു. അച്ഛന്റെ ആകാശക്കോട്ടകള്‍ ചവിട്ടിയരച്ചു കൊണ്ട് ഞാന്‍ പത്താം ക്ലാസ്സില്‍ തോറ്റു. അത് താങ്ങാനുള്ള ശേഷി അച്ഛനില്ലായിരുന്നു. തളര്‍ന്ന അച്ഛനെയും നോക്കി നില്‍ക്കുമ്പോള്‍ ഞാനാദ്യമായി എന്നെക്കുറിച്ചോര്‍ത്തു. രാഷ്ട്രീയത്തിന് വേണ്ടി ജീവിതം കളഞ്ഞുകുളിച്ചിട്ടെന്തു നേടി? ജീവന്‍ കളഞ്ഞു ക്ലബ്ബുകള്‍ക്ക് വേണ്ടി ടൂര്‍ണമെന്റുകളില്‍ കളിച്ചിട്ടെന്തു നേടി? ഒന്നും നേടിയില്ല. ഒരു നിവര്‍ത്തിയുമില്ലാതെ  വന്നപ്പോള്‍ ഒടുവില്‍ നാട് വിടേണ്ടി വന്നു. സ്നേഹപൂര്‍വ്വം ഒന്ന് യാത്ര അയയ്ക്കാന്‍ പോലും ഈ രാഷ്ട്രീയക്കാരും ക്ലബ്ബുകാരും വന്നില്ല.
     ബോംബെയിലേക്കാണ് ഞാന്‍ പോയത്. ജോഗീശ്വരി എന്ന സ്ഥലത്ത് അമ്മാവന്റെ കൂടെ താമസമാക്കി. ഒരു മാസത്തോളം ഒരു പെന്‍ കമ്പനിയില്‍ ജോലി കിട്ടി. അമ്മാവന്റെ വീട്ടില്‍ നിന്ന് ചില സ്നേഹിതന്മാരുടെ അടുത്തേക്ക് താമസം മാറ്റി. അവിടെ താമസിക്കുമ്പോഴാണ് സമ്പത്തിന്റെ വിളനിലമായ അറേബ്യന്‍ ഗള്‍ഫില്‍ പോയാലെന്താണെന്നു തോന്നിയത്. പാസ്പോര്‍ട്ടോ, വിസയോ ഇല്ല; കയ്യില്‍ പൈസയുമില്ല. അപ്പോഴാണ്‌ 500 രൂപ കൊടുത്താല്‍ ലോഞ്ച് വഴി അവിടെ എത്താന്‍ കഴിയുമെന്ന് ചില ഏജന്റുമാര്‍ പറഞ്ഞത്. വിവരം അച്ഛനെ അറിയിച്ചു. സന്തോഷത്തോടെ അച്ഛന്‍ അതിനു സമ്മതിച്ചു. ഉടന്‍ വേണ്ട ഏര്‍പ്പാടുകള്‍ ചെയ്തു. പിന്നെയും മൂന്നു നാല് മാസം ഏജന്റുമാരുടെ പിന്നാലെ ലോഞ്ചും പ്രതീക്ഷിച്ചു ഞാന്‍ നടന്നു. പെട്ടെന്ന് ഒരു ദിവസം ഏജന്റു അറിയിച്ചു, ലോഞ്ച് പോകുന്നുണ്ട്  'ജൂഹു' ബീച്ചില്‍ എത്തണമെന്ന്. കെട്ടും, ഭാണ്ഡവുമായി അവിടെ എത്തിച്ചേര്‍ന്നു. പക്ഷെ, അന്ന് വാഹനം പോയില്ല. പരിപാടി മറ്റൊരു ദിവസത്തേക്ക് നീട്ടി. മൂന്നാം ദിവസമാണ് പിന്നീട് നിശ്ചയിച്ചിരുന്നത്. അന്ന് ഒരു ചെറിയ പനി പിടിപെട്ടത് കൊണ്ട് പോകാന്‍ കഴിഞ്ഞില്ല. ലോഞ്ച് പുറപ്പെട്ടു കുറച്ചു ദിവസം ഓടിയപ്പോള്‍ എന്‍ജിനു തകരാറു സംഭവിക്കുകയും ഇറാന്‍ തീരത്ത് അടുക്കേണ്ടി വരികയും ചെയ്തു. ഇറാന്‍ പോലിസ് ലോഞ്ചിലുണ്ടായിരുന്നവരെ തടവിലാക്കുകയും ഇന്ത്യന്‍ എംബസി മുഖേന ഇന്ത്യയിലേക്ക്‌ തിരിച്ചയയ്ക്കുകയും ചെയ്തു. എന്റെ അസുഖമെല്ലാം മാറി, മറ്റൊരേജന്റുമായി കരാറിലേര്‍പ്പെട്ടു.(ആദ്യത്തെ ഏജന്റിനു 250 രൂപ അഡ്വാന്‍സ്‌ കൊടുത്തത് ഇതുവരെ തിരിച്ചു കിട്ടിയിട്ടില്ല) അദ്ദേഹത്തിന്റെ ലോഞ്ച് ഗുജറാത്തില്‍ നിന്നാണ് പുറപ്പെടുക എന്ന് എന്നോട് ആദ്യം പറഞ്ഞിരുന്നു. കുറച്ചു ദിവസങ്ങള്‍ക്കു ശേഷം ഗുജറാത്തില്‍ എത്തിച്ചേരണമെന്നു നിര്‍ദ്ദേശം കിട്ടി.രണ്ടാഴ്ചയോളം അവിടെയുള്ള രണ്ടു മൂന്നു വീടുകളിലായി ഞാനടക്കം 250 പേര്‍ താമസമാക്കി. അരപ്പട്ടിണിയില്‍ കുറെ ദിവസം അവിടെ കഴിച്ചു കൂട്ടി. എന്റെ ഡയറിക്കുറിപ്പ്‌ ശരിയാണെങ്കില്‍ ഡിസംബര്‍ 18 നു 250 പേരെയും വഹിച്ചു കൊണ്ടുള്ള 'ഒലിഹ്' എന്ന ലോഞ്ച് പുറപ്പെട്ടു. ഒമ്പത് ദിവസത്തെ യാത്ര വളരെ ക്ലേശപൂര്‍ണ്ണമായിരുന്നു. കുടിക്കാനുള്ള വെള്ളം പോലും കിട്ടാതെ ഞങ്ങള്‍ വല്ലാതെ കഷ്ടപ്പെട്ട് ചോദിച്ചതിനു പലര്‍ക്കും കനത്ത പ്രഹരം ഏല്‍ക്കേണ്ടി വന്നിട്ടുണ്ട്. ഒമ്പതാം ദിവസം ഏതാണ്ട് അഞ്ചു മണിക്ക് (വൈകുന്നേരം) ഷാര്‍ജയുടെ ഭാഗമായ ഗോര്‍ഫുക്കാന് വളരെ ദൂരെ ഒരു മലയിടുക്കില്‍ അരയറ്റം വെള്ളത്തില്‍ ഞങ്ങളെയെല്ലാം തള്ളി വിട്ടു കൊണ്ട് ലോഞ്ച് അതിവേഗത്തില്‍ ഓടിച്ചു പോയി. ഭക്ഷണവും വെള്ളവും ശരിക്ക് കിട്ടായ്കയാല്‍ ഒരു ചെറുപ്പക്കാരന്‍ ലോഞ്ചില്‍ നിന്ന് ഇറക്കുന്ന സമയത്ത് മരണമടഞ്ഞു. അവിടെത്തന്നെ ഒരു മലമുകളില്‍ അദ്ദേഹത്തെ മറവു ചെയ്തു കണ്ണീരോടെ ഞങ്ങള്‍ യാത്രയായി. സ്വന്തം കുടുംബത്തെ ദാരിദ്ര്യത്തില്‍ നിന്നും കര കയറ്റാന്‍ ഇറങ്ങിത്തിരിച്ച ആ നല്ല മനുഷ്യന്റെ കുടുംബത്തിന്റെ സ്ഥിതി ഓര്‍ത്തു ഞങ്ങള്‍ കരഞ്ഞു പോയി. ലോഞ്ച് ഇറക്കിയ സ്ഥലത്ത് നിന്ന് മൂന്നു ദിവസം നടന്നാണ് ഗോര്‍ഫുക്കാനയില്‍ എത്തിച്ചേര്‍ന്നത്. ആദ്യത്തെ രാത്രി ഒരു മരച്ചുവട്ടിലും, മറ്റു രണ്ടു രാത്രികള്‍ പള്ളിയിലും കഴിച്ചു കൂട്ടി. അവിടെ നിന്ന് മൂന്നു ദിവസം നടന്നു 'കല്‍ബ' എന്ന സ്ഥലത്തെത്തി. അറബികള്‍ തരുന്ന ഈത്തപ്പഴവും, കാവയുമായിരുന്നു ഞങ്ങളുടെ പ്രധാന ഭക്ഷണം. നാല് ദിവസം അവിടെ താമസിച്ചു. 1968 ജനുവരി ഒന്നാം തിയ്യതി ഒരറബിയുടെ 'ലേന്റ് റോവറില്‍ ' ഷാര്‍ജയില്‍ എത്തിച്ചേര്‍ന്നു. അവിടെ നിന്ന് ഒരു ടാക്സിയില്‍ ദുബൈയില്‍ എത്തി.
     രണ്ടു മാസത്തിനു ശേഷം പൌളിന്‍ എന്ന അമേരിക്കന്‍ കപ്പലില്‍ എനിക്ക് ജോലി കിട്ടി. കടല്‍ക്ഷോഭം കാരണം ഒരു മാസം കഴിഞ്ഞപ്പോള്‍ ഞാന്‍ ജോലി വിട്ടു. ഏപ്രില്‍ 12 നു ഒരു ഇംഗ്ലീഷ് കമ്പനിയില്‍ ജോലി കിട്ടി. മൂന്നു കൊല്ലത്തോളം അവിടെ ജോലി ചെയ്തു. പക്ഷെ, ആ ജോലിയും നഷ്ടപ്പെട്ടു. എത്രയെത്ര വാതിലുകള്‍ മുട്ടി.
     ഒടുവില്‍ ദൈവകൃപയാല്‍ ചെറിയൊരു ജോലി കിട്ടി. ആറുമാസത്തോളം അവിടെ ജോലി ചെയ്തു. അബൂദാബിയില്‍ പോയാല്‍ കുറെക്കൂടെ മെച്ചപ്പെട്ട ജോലി കിട്ടുമെന്ന് പലരും എന്നോട് പറഞ്ഞിരുന്നു. അതനുസരിച്ച് ദുബൈയിലുള്ള ജോലി വിട്ടു 1973 ജൂലൈ 11 നു അബൂദാബിയിലെത്തി. ഇവിടെയും ഒരു ഇംഗ്ലീഷ് കമ്പനിയില്‍ ജോലി ചെയ്യുന്നു.
     സമയം ചിലവഴിക്കാനായി രണ്ടു സമാജങ്ങള്‍ ഇവിടെയുണ്ട്. സ്നേഹിതന്മാരില്‍ പലരും ഇതില്‍ അംഗങ്ങളാണ്. രണ്ടിലും ഞാന്‍ അംഗമായി ചേര്‍ന്നിട്ടില്ല. രണ്ടിന്റെയും പ്രവര്‍ത്തനം ദൂരെ നിന്ന് വീക്ഷിക്കുന്നു. കാരണം കഴിഞ്ഞ കാലത്തിലെ എന്റെ അനുഭവം അത്ര കയ്പ്പേറിയതായിരുന്നു. സിനിമ മാത്രമാണ് ഇവിടത്തെ വിനോദം. മലയാള പടങ്ങള്‍ നാട്ടില്‍ കളിക്കുന്നതിനു മുമ്പ് ഇവിടെ എത്തുന്നുണ്ട്.ചുവന്ന തെരുവ് ഇവിടെയും ഉണ്ട്.
     പേര്‍ഷ്യക്കാരന്  വേദനകളില്ലെന്നും, അവന്‍ സുഖിച്ചു ജീവിക്കുകയാണെന്നും നമ്മുടെ നാട്ടിലുള്ളവര്‍ കരുതുന്നു. ചൂട് കാലത്ത് ഒരു കുപ്പി തണുത്ത വെള്ളം കിട്ടണമെങ്കില്‍ 10 പൈസ കൊടുക്കണം. ഇതാണ് ഇവിടത്തെ സ്ഥിതി. ജോലി ഇല്ലാതെ ബുദ്ധിമുട്ടുന്ന വളരെയധികം മലയാളി സുഹൃത്തുക്കള്‍ ഇവിടെയുണ്ട്. സ്വന്തമായുള്ള പുരയിടം പോലും പണയപ്പെടുത്തി ഇങ്ങോട്ട് വരാന്‍ വളരെയധികം ആളുകള്‍ വെമ്പല്‍ കൊള്ളുന്നു. നാട്ടിലുള്ള സ്വത്തു കൂടുതല്‍ വര്‍ധിപ്പിക്കാന്‍ വരുന്നവരും, പട്ടിണി കാരണം വരുന്നവരും ധാരാളം ഉണ്ട്. ജനിച്ച നാടിനോടും, സ്വന്തം വീടിനോടും യാതൊരു ഉത്തരവാദിത്വവുമില്ലാതെ ഇംഗ്ലീഷ് ബാറുകള്‍ മാറി മാറി കയറിയിറങ്ങി വിദേശമദ്യം കഴിച്ചു നടക്കുന്നവരും, ഫേഷന്‍ മാറുന്നതിനനുസരിച്ചു ജപ്പാന്റെയും; ജര്‍മ്മനിയുടെയും തുണിത്തരങ്ങള്‍ വാങ്ങി ഡ്രസ്സ്‌ ചെയ്തു സുഖമായി നടക്കുന്നവരും ഇവിടെയുണ്ട്.
     മറുനാടന്‍ ജീവിതം നിരവധി തീവ്രാനുഭവങ്ങളുടെ ഒരു തീച്ചൂള ഹൃദയത്തില്‍ സൃഷ്ടിച്ചിരിക്കുന്നു.എത്ര എത്ര പറഞ്ഞാലും അവസാനിക്കാത്ത കഥകള്‍ .

4 അഭിപ്രായങ്ങൾ:

  1. "ലോഞ്ച് ഇറക്കിയ സ്ഥലത്ത് നിന്ന് മൂന്നു ദിവസം നടന്നാണ് ഗോര്‍ഫുക്കാനയില്‍ എത്തിച്ചേര്‍ന്നത്. ആദ്യത്തെ രാത്രി ഒരു മരച്ചുവട്ടിലും, മറ്റു രണ്ടു രാത്രികള്‍ പള്ളിയിലും കഴിച്ചു കൂട്ടി. അവിടെ നിന്ന് മൂന്നു ദിവസം നടന്നു 'കല്‍ബ' എന്ന സ്ഥലത്തെത്തി. അറബികള്‍ തരുന്ന ഈത്തപ്പഴവും, കാവയുമായിരുന്നു ഞങ്ങളുടെ പ്രധാന ഭക്ഷണം........."

    1974 -ലോ 75 -ലോ, കുങ്കുമം വാരികയിലോ മറ്റോ പ്രസിദ്ധീകരിച്ചിരുന്ന, ഒരു മറുനാടന്‍ മലയാളിയുടെ ഒരു ഓര്‍മ്മക്കുറിപ്പ്‌

    മറുപടിഇല്ലാതാക്കൂ
  2. ഈശ്വര.... ഇങ്ങനെയൊക്കെ അനുഭവങ്ങള്‍ ഉണ്ടാകുമോ.....വേദനിപ്പിക്കുന്ന കുറിപ്പ് ഷാ... ഒരു കാര്യം എനിക്ക് മനസ്സിലാകുന്നില്ല... ഇത്ര നന്നായി എഴുതിയിട്ടും എന്തെ ആരും ഒന്നും കമന്റ്‌ ഒന്നും പറയാത്തത്!!!!

    മറുപടിഇല്ലാതാക്കൂ
  3. @Manju Manoj
    ഈ പോസ്റ്റിടുന്ന സമയത്ത് ഞാന്‍ അഗ്രിഗേറ്ററുകളെ പരിചയപ്പെട്ടിരുന്നില്ല. അതാവാം..

    നന്ദി.

    മറുപടിഇല്ലാതാക്കൂ
  4. എത്രയെത്ര മനുഷ്യരുടെ അറിയപ്പെടാത്ത കണ്ണീര്‍ക്കഥകള്‍

    മറുപടിഇല്ലാതാക്കൂ

നിങ്ങള്‍ എന്ത് ചിന്തിക്കുന്നു എന്നറിയാന്‍ താല്‍പര്യമുണ്ട്.