വിവാഹ ശേഷം ഭാര്യയുടെ ചില ബന്ധുവീടുകള്‍ സന്ദര്‍ശിക്കുന്നതിനു വേണ്ടി മലപ്പുറം ജില്ലയിലെ തിരൂരിലൂടെ കാറില്‍ യാത്ര ചെയ്യുകയായിരുന്നു. തുഞ്ചന്‍പറമ്പിനു മുന്നിലൂടെയുള്ള റോഡിലെവിടെയോ വെച്ച് ഞങ്ങളുടെ കാറിന്റെ പുറകില്‍ മറ്റൊരു കാര്‍ വന്നിടിച്ചു. കാര്‍ കുറച്ചു മുന്നോട്ടു നീക്കി നിര്‍ത്തിയ ഉടനെ അവര്‍ വീണ്ടുമിടിച്ചു. മുക്കറ്റം മദ്യപിച്ച കുറച്ചു ചെറുപ്പക്കാരായിരുന്നു കാറില്‍. ഒരുത്തന്‍ ഓടി വന്നു കൊണ്ട് ക്ഷമാപണം നടത്തി. പോലീസിനെ വിളിക്കേണ്ട നമുക്ക് പരിഹാരമുണ്ടാക്കാം എന്നൊക്കെ പറയുന്നുണ്ടായിരുന്നു. അവനുമായി സംസാരിച്ചു നില്‍ക്കേ മറ്റൊരാളിറങ്ങി വന്നു. ലുങ്കിയും ടീ ഷര്‍ട്ടുമാണ് വേഷം. "അല്ല, എന്താ ങ്ങളെ പ്രശ്നം? ങ്ങക്ക് എന്താ വേണ്ടത്" തുടങ്ങി, ഞാന്‍ അവരുടെ കാറില്‍ ചെന്ന് ഇടിച്ചെന്ന മട്ടില്‍ മലപ്പുറം സ്ലാങ്ങില്‍ എന്തൊക്കെയോ വന്നു പറയാന്‍ തുടങ്ങി. ചില വാക്കുകള്‍ എനിക്ക് പിടി കിട്ടുന്നുണ്ടായിരുന്നില്ല. പറയുന്നയാളോട് ഞാന്‍ മലപ്പുറത്തു പുതിയതാണെന്നും ഭാഷ മനസ്സിലാവാഞ്ഞിട്ടാണെന്നും ഭാര്യ പറഞ്ഞു. "എന്താ ഓള് വര്‍ത്താനം പറയണത്?" അയാള്‍ എന്നോട് ചോദിച്ചു. അവര്‍ പറയട്ടെയെന്ന് ഞാന്‍ മറുപടി പറഞ്ഞു. അപ്പോഴാണ് അയാളുടെ ആ മില്ല്യണ്‍ ഡോളര്‍ ചോദ്യം വന്നത്. "അപ്പോ ജ്ജ് ഓളും ഓള് ഓനും ആണോ...?!"
*മലപ്പുറം സ്ലാങ്ങ് അന്ന് അത്ര അറിയാതിരുന്നതു കൊണ്ടും സംഭവം കഴിഞ്ഞിട്ട് രണ്ടു വര്‍ഷത്തിലേറെയായി എന്നതു കൊണ്ടും അയാളുടെ ആ 'സ്നേഹസല്ലാപം' അതുപോലെ പകര്‍ത്താന്‍ കഴിയാത്തതിലുള്ള ഖേദം കൂടി രേഖപ്പെടുത്തട്ടെ...