2010 ഏപ്രിൽ 19, തിങ്കളാഴ്‌ച

മദ്യം

വെറുതെ 'വ്യായാമം' ചെയ്യലല്ല ആ വകുപ്പിന്റെ പണി എന്നറിയാം.
പക്ഷെ, വിവിധ സര്‍ക്കാര്‍ ആഫീസുകളിലെ വേണ്ടപ്പെട്ടവര്‍ക്ക് വിശേഷാവസരങ്ങളില്‍ മദ്യം എത്തിക്കുക എന്ന ഡ്യൂട്ടി കൂടി ഉണ്ട് എന്നറിയില്ലായിരുന്നു....!!

2010 ഏപ്രിൽ 16, വെള്ളിയാഴ്‌ച

കൌതുകക്കാഴ്ച

ഒരു സുഹൃത്തിന്റെ അച്ഛന്‍ മരിച്ചതറിഞ്ഞ് അവന്റെ വീട്ടില്‍ പോയതായിരുന്നു ഞങ്ങള്‍ . ചെറിയ വീടിന്റെ മുറ്റത്തും വഴിയിലും ആളുകള്‍ ഉണ്ടായിരുന്നു. ഞങ്ങള്‍ ചെന്നപ്പോള്‍ തന്നെ "സു......ന്റെ കൂട്ടുകാരാ.. അവര്‍ ബോഡി കണ്ടോട്ടെ"എന്ന് പറഞ്ഞു പ്രായമായ ഒരാള്‍ ഞങ്ങളുടെ മുന്നില്‍ നടന്നു, വീടിന്റെ മുന്‍വശത്തേക്ക് നയിച്ചു. നേരെ മുന്‍ വശത്തല്ലാത്ത പടി കടന്നു, മുറ്റത്തു കൂടെ നടന്നാണ് കോലായിലേക്ക് പ്രവേശിക്കേണ്ടത്. വീടിന്റെ മുന്‍വശത്തേക്ക് തുറന്നിരിക്കുന്ന ജനലിലൂടെ കുറെ പേര്‍ വളരെ താല്പര്യപൂര്‍വ്വം അകത്തേക്ക് നോക്കി നില്‍ക്കുന്നത് കണ്ടപ്പോള്‍ ബോഡി ആ മുറിയിലായിരിക്കുമെന്ന ധാരണയില്‍ ഞങ്ങളും അവരുടെ പുറകില്‍ നിന്ന് എത്തി നോക്കി. അവിടെ പക്ഷെ, അവന്റെ അമ്മയും മറ്റു അടുത്ത ബന്ധുക്കളും, ആകസ്മികമായ മരണം താങ്ങാനാവാതെ നിലവിളിച്ചു കരയുകയും മറ്റും ചെയ്യുന്നതാണ് ഞങ്ങള്‍ കണ്ടത്. ബോഡി കിടന്നിരുന്നത് മറ്റൊരു മുറിയിലായിരുന്നു.

അന്ന് അവരുടെ കയ്യില്‍ മൊബൈല്‍ ക്യാമറകള്‍ ഇല്ലാതിരുന്നത് നന്നായി എന്ന് ഇപ്പോള്‍ തോന്നുന്നു. അന്ന് വെറുതെ നോക്കി നിന്നു. ഇന്നാണെങ്കില്‍ മൊബൈലില്‍ എടുക്കും.. അത്രേയുള്ളൂ വ്യത്യാസം..!

2010 മാർച്ച് 29, തിങ്കളാഴ്‌ച

ഗള്‍ഫിലെ എ സി

അബുദാബി എയര്‍പോര്‍ട്ടില്‍ കാര്‍ഗോ ഡിപ്പാര്‍ട്ട്മെന്റിലെ സി എം സി സി സെക്ഷനില്‍ ജോലി ചെയ്തിരുന്ന കാലം. പുറപ്പെടാന്‍ തയ്യാറായി നില്‍ക്കുന്ന ഫ്ലൈറ്റിനടുത്തേക്ക്, നിര്‍ദ്ദേശിക്കപ്പെട്ട കാര്‍ഗോ യൂണിറ്റുകള്‍ അയക്കുക എന്നതാണ് ജോലി. ഒരു ദിവസം നാട്ടില്‍ നിന്ന് ഒരു സുഹൃത്ത് ഫോണില്‍ വിളിച്ചു. സെക്യൂരിറ്റി കാണാതെ അകത്തു കടത്തിയതാണ് മൊബൈല്‍ . കാര്‍ഗോ ഹോള്‍ഡിംഗ് ഏരിയയിലെ ഏതെങ്കിലും കാര്‍ഗോ യൂണിറ്റിന്റെ മറയില്‍ നിന്നാല്‍ ആരും കാണാതെ സംസാരിക്കാം. പിടിച്ചാല്‍ പണിയാണ്. വിശേഷങ്ങള്‍ക്കിടെ ജോലി എങ്ങനെയുണ്ട് എന്ന് ചോദിച്ച സുഹൃത്തിനോട് "ജോലി വലിയ സുഖമൊന്നുമില്ല, ഇവിടെ ഭയങ്കര ചൂടാണ്" എന്ന് ഞാന്‍ പറഞ്ഞു.
"ചൂട് പുറത്തല്ലേ, നിങ്ങള്‍ ഗള്‍ഫുകാര്‍ എപ്പോഴും എസിക്കകത്തല്ലേ" എന്ന് സുഹൃത്ത്... "റൂമിലും കാറിലും എന്തിനു, കക്കൂസില്‍ വരെ എസി".
"ശരിയാണ് പക്ഷെ ഞാന്‍ ജോലി ചെയ്യുന്നത് പുറത്താണ്" എന്ന് പറഞ്ഞിട്ട് അവന്‍ വിശ്വസിക്കുന്നില്ല.
"നിങ്ങള്‍ ഗള്‍ഫുകാര്‍ അവിടെ എസി മുറിക്കകത്തിരുന്നു സുഖിക്കും. എന്നിട്ട് അങ്ങോട്ട്‌ വരാന്‍ കാത്തിരിക്കുന്നവരെ, ചൂടാണ് എന്നൊക്കെപ്പറഞ്ഞു നിരുല്സാഹപ്പെടുത്തും" ഇങ്ങനെ പോയി അവന്റെ ആരോപണങ്ങള്‍ .
മുകളില്‍ കത്തുന്ന സുര്യന്‍ .. താഴെ ചുട്ടു പഴുത്ത അവസ്ഥയിലുള്ള ടാര്‍ ചെയ്ത പ്രതലം.. കണ്ണ് തുറക്കാന്‍ പറ്റാത്ത അവസ്ഥ.. അകത്തെ മോണിറ്ററില്‍ 50 ഡിഗ്രി ചൂട് കാണിക്കുന്നു.. (അതില്‍ കൂടുതല്‍ ഉണ്ടെങ്കിലും കാണിക്കില്ല എന്ന് മലയാളി സുഹൃത്തുക്കള്‍ ) വിയര്‍ത്തൊലിക്കുന്ന അവസ്ഥയിലും, ഞാന്‍ ചിരിക്കണോ അതോ കരയണോ എന്ന കണ്‍ഫ്യുഷനിലായിരുന്നു.

2010 മാർച്ച് 11, വ്യാഴാഴ്‌ച

കല്ലേറ്

നാലാം ക്ലാസ്സില്‍ പഠിക്കുന്ന, എന്റെ നാട്ടിലെ ഒരു കുട്ടിയെ ഒരു ദിവസം വഴിയില്‍ വെച്ച് കണ്ടപ്പോള്‍ ഞാന്‍ ചോദിച്ചു... "എന്താടാ... ഇന്ന് നീ സ്കൂളില്‍ പോയില്ലേ...?"

അവന്‍ കാലു പൊക്കിക്കാണിച്ചു കൊണ്ട് പറഞ്ഞു "കാലു പൊട്ടീരിക്ക്യാ മാഷേ"

"എന്താ പറ്റ്യേതു... എങ്ങനെയാ കാലു പൊട്ട്യേ ?" ഞാന്‍ ചോദിച്ചു.

"അത് ഒരു ഹിന്ദു കുട്ടി കല്ലെടുത്തെറിഞ്ഞതാ...!!"

അവന്റെ മറുപടി കേട്ട് സ്വാഭാവികമായും ഞാന്‍ ഞെട്ടി.
"എന്തിനാടാ ഹിന്ദു കുട്ടി എന്ന് പറയുന്നത്... ഒരു കുട്ടി എന്ന് പറഞ്ഞാല്‍ പോരെ...?" ഞാന്‍ ചോദിച്ചു.

"അവന്‍ ഹിന്ദു തന്നെ ആണ് മാഷേ...!!!"

അവനെ പറഞ്ഞു മനസ്സിലാക്കാന്‍ ശ്രമിച്ചിട്ട് കാര്യമില്ലെന്ന് എനിക്ക് തോന്നി. അല്ല, അവനെ പറഞ്ഞിട്ട് കാര്യമില്ല. ഒരു ഇസ്ലാമിക് സ്കൂളിലാണ് അവന്‍ പഠിക്കുന്നത്. അവിടെ മുസ്ലിം വിദ്യാര്‍ത്ഥികളല്ലാതെ വേറെ ആരും കാണില്ല. അപ്പോള്‍ അവന്‍ ഏറെക്കുറെ മുഴുവന്‍ സമയവും ചിലവഴിക്കുന്നത് ഒരു മതത്തില്‍പ്പെട്ടവരുമായി മാത്രമാണ്. ഇതര മതസ്ഥരുമായി ഇടപഴകാന്‍ അവസരം കുറയുമ്പോള്‍ കുട്ടികളുടെ ലോകം തന്നെ വളരെ ചുരുങ്ങിപ്പോകുന്നു. ഒപ്പം അവരുടെ വീക്ഷണവും.

2010 മാർച്ച് 3, ബുധനാഴ്‌ച

ഓഫര്‍

ഇന്ന്, വീട്ടുപകരണങ്ങള്‍ ചുളുവിലയ്ക്ക് വാങ്ങാന്‍ കിട്ടിയ ഒരു സുവര്‍ണ്ണാവസരം എന്റെ ഉമ്മ നഷ്ടപ്പെടുത്തി. വീട്ടില്‍ വന്നു കയറിയ മഹാലക്ഷ്മിയെ പുറംകാലു കൊണ്ട് തട്ടിയകറ്റി എന്ന് പറഞ്ഞാല്‍ മതിയല്ലോ. ഏതോ ഒരു പ്രമുഖ(?) കമ്പനിയിലെ സെയില്‍സ് റപ്രസെന്റെടിവ് ആയ ഒരു ലേഡി ആണ് മഹാലക്ഷ്മിയായി വന്നത്. ഓഫര്‍ ഇതാണ്. അവരുടെ കമ്പനിയുടെ രണ്ടായിരം രൂപ വിലമതിക്കുന്ന വീട്ടുപകരണങ്ങള്‍ നമുക്ക് വെറും 650 രൂപയ്ക്കു തരും. അവര്‍ ചോദിക്കുന്ന ഒരു കുസൃതി ചോദ്യത്തിന് ശരിയുത്തരം പറഞ്ഞാല്‍ മാത്രം മതി! എത്ര സിമ്പിള്‍ ആയ ഓഫര്‍ അല്ലെ..? ഇനി ഉത്തരം പറയാന്‍ കഴിഞ്ഞില്ലെങ്കിലോ, ഈ വീട്ടുപകരണങ്ങള്‍ രണ്ടായിരം രൂപയ്ക്കു വാങ്ങിയാല്‍ പോലും ഭയങ്കര ലാഭമാണത്രെ. ഛെ.! എന്റെ ഉമ്മയുടെ തികച്ചും പിന്തിരിപ്പന്‍ ആയ ചിന്താഗതി മൂലം ആ ഓഫര്‍ നഷ്ടപ്പെട്ടു. ചോദ്യം ചോദിച്ചു ബുദ്ധിമുട്ടേണ്ട എന്നു പറഞ്ഞു മടക്കി വിട്ടു.

വരട്ടെ.. അടുത്ത തവണ നോക്കാം........

2010 ഫെബ്രുവരി 19, വെള്ളിയാഴ്‌ച

സമയനിഷ്ഠ

സര്‍ക്കാര്‍ ഓഫീസില്‍ കേട്ടത്..............

"............ സാറേ, നമുക്കിപ്പോ ടൌണില്‍ പോയി അത് വാങ്ങി വന്നാലോ...? ഇന്ന് തന്നെ വേണ്ടതല്ലേ...?"
"ഏയ്‌... രണ്ടു മണി കഴിയട്ടെ കുട്ടാ... ഇപ്പൊ നമുക്ക് ലഞ്ച് ബ്രേക്കല്ലേ...?"

****************

"................യേട്ടാ, സപ്പ്ലൈ ഓഫീസിലെ അനിലേട്ടന്‍ ആസ്പത്രീന്ന് വന്നു. ഇപ്പൊ വീട്ടിലുണ്ട്. നമുക്ക് പോയി കാണണ്ടേ...?"
"ഇപ്പളാ... ഇപ്പൊ നാലര കഴിഞ്ഞില്ലേ... നമുക്ക് വീട്ടീ പോണ്ടേ...? നാളെ ഒരു മൂന്നര - നാല് മണിക്ക് പുവ്വാം. അപ്പൊ അഞ്ചിന് മുന്‍പ് തിരിച്ചെത്ത്വേം ചെയ്യാം...!"

****************

"സാറേ, ഒരു സംശയം ചോദിച്ചോട്ടെ....?"
"ഇല്ലില്ല... ഇനി തിങ്കളാഴ്ച വാ... ഇന്നത്തെ സമയം കഴിഞ്ഞു..."
"അതെന്താ സാറേ...? ഒരു സംശയല്ലേ...!"
"അതൊന്നും പറഞ്ഞിട്ട് കാര്യല്ല്യ...ഇന്ന് ശനിയാഴ്ചയാണ്... ഇന്ന് ബാങ്കൊക്കെ പന്ത്രണ്ടര വരല്ലേ ഉള്ളൂ... അപ്പൊ ഞാനെങ്ങന്യാ ഇപ്പൊ മറുപടി പറയ്യാ...?!!"

2010 ഫെബ്രുവരി 3, ബുധനാഴ്‌ച

ദെശാന്ത്‌

എന്റെ സുഹൃത്ത്‌ ദെശാന്തിന്റെ, സമകാലിക സംഭവങ്ങളോടുള്ള പ്രതികരണങ്ങള്‍ വളരെ വിചിത്രങ്ങളാണ്....
ആളൊരു കടുത്ത അരാഷ്ട്രീയ വാദിയാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ........!

ഉറക്കെ പത്രം വായിക്കുകയാണ്....
"കുവൈറ്റില്‍ നൂറു കണക്കിന് വഴി വാണിഭക്കാരെ പോലീസ് നാട് കടത്തി"
ഇതിനോടുള്ള പ്രതികരണം......
"ഛെ..! ഈ വെടികള്‍ക്കൊക്കെ വേറെ വല്ല പണിക്കും പൊയ്ക്കൂടെ.....?!"

**************
കോടതി ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ചു ഡി വൈ എഫ് ഐ ക്കാര്‍ ഹൈക്കോടതി മാര്‍ച്ച് നടത്തിയ വാര്‍ത്ത ചാനലില്‍ കണ്ടപ്പോള്‍ ........
"എന്തടാ ത്..... ഈ അച്ചുമ്മാമന്‍ ഇവര്‍ക്കൊന്നും മര്യാദക്ക് പെന്‍ഷന്‍ കൊടുക്കുന്നുണ്ടാവില്ല....... അല്ലെങ്കില്‍ പിന്നെ ഇവര്‍ വെറുതെ മാര്‍ച്ച് നടത്തുമോ.....?!"

**************
"ഈ ആശുപത്രീല്‍ വെച്ചൊക്കെ എത്ര പേരാ മരിക്കുന്നത്.... സര്‍ക്കാരിന് ഒരു നിയമം കൊണ്ട് വന്നാ മതി ഇവരുടെയൊക്കെ കണ്ണ്, കണ്ണില്ലാത്തവര്‍ക്ക് കൊടുക്കാന്‍ ....... അതിനെങ്ങനാ ഈ രാഷ്ട്രീയക്കാര് നാട് നന്നാവാന്‍ സമ്മതിക്കില്ലല്ലോ....?"
"ദെശാന്തേ, നിനക്ക് നിന്റെ കണ്ണ് ദാനം ചെയ്യാം എന്ന് എഴുതിക്കൊടുത്തു കൂടെ....? ഒരാള്‍ക്കെങ്കിലും കിട്ടട്ടെ...."
"ഏയ്‌... അത് ശരിയാവില്ല... എന്റെ കണ്ണ് ഞാനാര്‍ക്കും കൊടുക്കില്ല...."

*************
"ഗതാഗത മന്ത്രി ശ്രീ മാത്യു ടി തോമസിന്റെ കാര്‍ കേടായതിനെ തുടര്‍ന്ന് മന്ത്രി കേസാര്‍ടിസി ബസ്സില്‍ കയറി യാത്ര തുടര്‍ന്നു"
"കണ്ടാ.... ഇവന്മാരൊക്കെ ഭരിക്കുമ്പോള്‍ മന്ത്രിടെ കാര്‍ വരെ കേടാവുന്നു.... പിന്നെ നമ്മളെപ്പോലുള്ളവന്റെ കാര്യം പറയാനുണ്ടാ....!!"