2014, ഡിസംബർ 22, തിങ്കളാഴ്‌ച

ജ്ജ് ഓളും ഓള് ഓനും ആണോ...?!

          വിവാഹ ശേഷം ഭാര്യയുടെ ചില ബന്ധുവീടുകള്‍ സന്ദര്‍ശിക്കുന്നതിനു വേണ്ടി മലപ്പുറം ജില്ലയിലെ തിരൂരിലൂടെ കാറില്‍ യാത്ര ചെയ്യുകയായിരുന്നു. തുഞ്ചന്‍പറമ്പിനു മുന്നിലൂടെയുള്ള റോഡിലെവിടെയോ വെച്ച് ഞങ്ങളുടെ കാറിന്റെ പുറകില്‍ മറ്റൊരു കാര്‍ വന്നിടിച്ചു. കാര്‍ കുറച്ചു മുന്നോട്ടു നീക്കി നിര്‍ത്തിയ ഉടനെ അവര്‍ വീണ്ടുമിടിച്ചു. മുക്കറ്റം മദ്യപിച്ച കുറച്ചു ചെറുപ്പക്കാരായിരുന്നു കാറില്‍. ഒരുത്തന്‍ ഓടി വന്നു കൊണ്ട് ക്ഷമാപണം നടത്തി. പോലീസിനെ വിളിക്കേണ്ട നമുക്ക് പരിഹാരമുണ്ടാക്കാം എന്നൊക്കെ പറയുന്നുണ്ടായിരുന്നു. അവനുമായി സംസാരിച്ചു നില്‍ക്കേ മറ്റൊരാളിറങ്ങി വന്നു. ലുങ്കിയും ടീ ഷര്‍ട്ടുമാണ് വേഷം. "അല്ല, എന്താ ങ്ങളെ പ്രശ്നം? ങ്ങക്ക് എന്താ വേണ്ടത്" തുടങ്ങി, ഞാന്‍ അവരുടെ കാറില്‍ ചെന്ന് ഇടിച്ചെന്ന മട്ടില്‍ മലപ്പുറം സ്ലാങ്ങില്‍ എന്തൊക്കെയോ വന്നു പറയാന്‍ തുടങ്ങി. ചില വാക്കുകള്‍ എനിക്ക് പിടി കിട്ടുന്നുണ്ടായിരുന്നില്ല. പറയുന്നയാളോട് ഞാന്‍ മലപ്പുറത്തു പുതിയതാണെന്നും ഭാഷ മനസ്സിലാവാഞ്ഞിട്ടാണെന്നും ഭാര്യ പറഞ്ഞു. "എന്താ ഓള് വര്‍ത്താനം പറയണത്?" അയാള്‍ എന്നോട് ചോദിച്ചു. അവര്‍ പറയട്ടെയെന്ന് ഞാന്‍ മറുപടി പറഞ്ഞു. അപ്പോഴാണ് അയാളുടെ ആ മില്ല്യണ്‍ ഡോളര്‍ ചോദ്യം വന്നത്. "അപ്പോ ജ്ജ് ഓളും ഓള് ഓനും ആണോ...?!"


*മലപ്പുറം സ്ലാങ്ങ് അന്ന് അത്ര അറിയാതിരുന്നതു കൊണ്ടും സംഭവം കഴിഞ്ഞിട്ട് രണ്ടു വര്‍ഷത്തിലേറെയായി എന്നതു കൊണ്ടും അയാളുടെ ആ 'സ്നേഹസല്ലാപം' അതുപോലെ പകര്‍ത്താന്‍ കഴിയാത്തതിലുള്ള ഖേദം കൂടി രേഖപ്പെടുത്തട്ടെ...

2013, ഒക്‌ടോബർ 27, ഞായറാഴ്‌ച

അഴിമതി മരുന്ന്

യഥാര്‍ത്ഥ വില കാണിച്ച് ഭൂമി രെജിസ്ട്രേഷന്‍ നടത്തിയ ഒരാളുടെ കുപ്പായം കൊണ്ടുവന്നാല്‍ നാട്ടിലെ അഴിമതി ഇല്ലാതാക്കിത്തരാം എന്ന് കൊട്ടാരം വൈദ്യന്‍.

2013, ജൂലൈ 31, ബുധനാഴ്‌ച

ദൈവം

വിമാനാപകടത്തില്‍ രക്ഷപ്പെട്ട എട്ടു പേരും കുടുംബാംഗങ്ങളും
ദൈവത്തിനു നന്ദി പറഞ്ഞുകൊണ്ട് കൂട്ട പ്രാര്‍ത്ഥന നടത്തുമ്പോള്‍


158 പേരെ കൊന്ന ദൈവം ഊറിച്ചിരിക്കുകയായിരുന്നു.

2013, ജൂലൈ 2, ചൊവ്വാഴ്ച

നോമ്പ് തുറപ്പിക്കല്‍ മത്സരം -2013


പ്രിയമുള്ളവരേ,

           ഏറെ നാം കാത്തിരുന്ന നോമ്പ് മാസമാണ് ആസന്നമാകുന്നത്. ഇതിനെ മറക്കാനാവാത്ത ഒരനുഭവമാക്കണം നമുക്ക്. വീടുകളിലും പള്ളികളിലും മാത്സര്യത്തോടെയാണ് നോമ്പ് തുറപ്പിക്കല്‍ നടക്കുന്നത്. നാട്ടില്‍ ചെറുതും വലുതുമായ പൊതു ഇഫ്താര്‍ പാര്‍ട്ടികള്‍ വേറെയും നടക്കാറുണ്ട്. വല്ലാത്ത ഒരു ഉത്സവപ്രതീതിയാണ് ഈ രംഗത്ത് എവിടേയും. എല്ലാം ഒന്നിന് ഒന്ന് മെച്ചപ്പെട്ട ഇഫ്താര്‍ മേളകള്‍, യുവാക്കള്‍ സര്‍വ്വത്ര ജാഗ്രതരാണ്.
              എന്നാല്‍ ഇക്കൊല്ലം മറ്റൊരു രീതിയിലാവണം നമ്മുടെ നോമ്പ് തുറപ്പിക്കല്‍ ഫെസ്റ്റ്. ഇപ്പോള്‍ എല്ലാം കോമ്പറ്റീഷ്യന്‍ ആണല്ലോ . ഈ കാര്യത്തിലും നമ്മള്‍ കാലത്തിനൊത്ത് ഉയരണം. അതായത് നമ്മുടെ നോമ്പ് തുറപ്പിക്കല്‍ പരിപാടി ഒരുഗ്രന്‍ മത്സരമഹാമഹമായിത്തന്നെ ആഘോഷിക്കണം. റമളാന്‍ അതിവിശിഷ്ടമായ മാസമാണല്ലോ. അത് കഴിഞ്ഞാല്‍ കഴിഞ്ഞുപോയത് തന്നെ. അതിനാല്‍ വിലപ്പെട്ട അതിലെ നാളുകളെ ബഹുജനപങ്കാളിത്തത്തോടെ 26 ദിവസം നീണ്ടു നില്‍ക്കുന്ന ഒരു മത്സരക്യാമ്പയിന്‍ ആക്കണമെന്നാണ് വിനീതമായ അഭിപ്രായം. ക്രിക്കറ്റ്, ഫുട്ബോള്‍ മത്സരങ്ങള്‍ക്കെന്നപോലെ ഇതിനും ആദ്യം ഒരു നടത്തിപ്പ് കമ്മറ്റി വേണം. മത്സരത്തില്‍ ആകെ 26 ടീമുകള്‍. ഓരോ ടീമിനും ഇംഗ്ലീഷ് അക്ഷരമാല ക്രമത്തില്‍ എ, ബി, സി, ഡി എന്നിങ്ങനെ കോഡ് ലെറ്റര്‍ കൊടുക്കണം. ഒന്നാം ദിവസം '' ടീമിന്റെ വക നോമ്പ് തുറപ്പിക്കല്‍ മത്സരം. രണ്ടാം ദിവസം 'ബി' ടീം. ഏത് ടീമിനും പ്രാദേശിക രാഷ്ട്രീയ പാര്‍ട്ടികളുടേയോ ക്ലബ്ബുകളുടേയോ പിന്തുണ തേടാം. ഓരോ ടീമും എന്തൊക്കെ വിഭവങ്ങളും പലഹാരങ്ങളുമാണ് വിളമ്പുന്നത് എന്നത് നോക്കിയാണ് പോയിന്റ് ഇടുക. ഇതിനായി ഒരു ജഡ്ജ്മെന്റ് കമ്മറ്റിയുണ്ടാവും. അവര്‍ ഹോട്ടല്‍ മാനേജ്മെന്റ്/കുക്കിംഗ് & കേറ്ററിംഗ് സര്‍ട്ടിഫിക്കറ്റ് നേടിയവരായിരിക്കണം. ഓരോ ദിവസവും ജൂറിമാര്‍ മാറിക്കൊണ്ടിരിക്കണം. അല്ലെങ്കില്‍ അവര്‍ സ്വാധീനിക്കപ്പെട്ടേക്കാം. അങ്ങിനെ നിത്യവും ആട്, കോഴി, പോത്ത്, എമു, താറാവ്, പുഴ മീന്‍, കടല്‍ മീന്‍, പത്തിരി, പൊറോട്ട, ചപ്പാത്തി, ബിരിയാണി, നെയ്ച്ചോര്‍..... ഒട്ടേറെ ഇനം കരിച്ചതും പൊരിച്ചതും പുഴുങ്ങിയതും... നാനാതരം പഴങ്ങള്‍.... പല നിറത്തിലുള്ള ജ്യൂസ്... ബാക്കി വന്നത് തട്ടാന്‍ പെട്ടിവണ്ടി... അതെ ഈ പുണ്യമാസം വമ്പിച്ച റാഹത്താവുമെന്നതില്‍ സംശയമില്ല. ഓരോ ടീമും മേല്‍ പറയപ്പെട്ടവ ഇന്ത്യന്‍, ചൈനീസ് & അറേബ്യന്‍ പാചക ശാസ്ത്രമുറ പ്രകാരം തയ്യാറാക്കി വൈവിധ്യമാര്‍ന്ന രുചി വിസ്മയത്തോടെ പൊതുജനങ്ങള്‍ക്കായി സമര്‍പ്പിക്കും. നമുക്കത് പോയി ശാപ്പിടുകയേ വേണ്ടൂ. ഇതൊക്കെ തയ്യാറാക്കാന്‍ ഓരോ ടീമും ഏതറ്റം വരെ പണിയെടുക്കാനും, പണമിറക്കാനും മടിക്കില്ല. അവര്‍ക്കാവശ്യം മത്സരത്തില്‍ ഒന്നാം സമ്മാനമാണ്. നന്നെ ചുരുങ്ങിയത് റണ്ണേഴ്സ് അപ് എങ്കിലും! തിരുവമ്പാടി - പാറമേക്കാവ് കുടമാറ്റ മത്സരത്തെക്കുറിച്ച് അറിയാമല്ലോ. വിവരിക്കാനാവാത്ത വിധം അന്നപാനീയങ്ങളുടെ പെരുമഴ പെയ്തിറങ്ങുന്ന ശറഫാക്കപ്പെട്ട സായം സന്ധ്യകള്‍!
              26ാം ദിവസം 'Z' ടീമിന്റെ വകയായുള്ള നോമ്പ് തുറപ്പിക്കല്‍ മത്സരവും കൂടി കഴിഞ്ഞാല്‍ അന്ന്, അതേ ആര്‍ഭാഢ പന്തലില്‍ വെച്ച് തന്നെയായിരിക്കണം പകിട്ടാര്‍ന്ന സമ്മാനദാന സമ്മേളനവും. ഐഡിയ സ്റ്റാര്‍ സിംഗര്‍, പട്ടുറുമാല്‍ ജേതാവ് ഇവരെല്ലാം ഒന്നുമല്ലാതാവുന്ന മുഹൂര്‍ത്തം! ആ ദിവസത്തിന് ഒരു പ്രത്യേകത കൂടിയുണ്ട്. അന്ന് 27ാം രാവ് ആയിരിക്കുമല്ലോ. വളരെ വളരെ ഉന്നതമായ രാത്രി. അതിനാല്‍ ആളുകള്‍ പുണ്യം തേടി ധാരാളമായി പങ്കെടുക്കും. സക്കാത്ത്, സദഖ ഇനത്തില്‍ ധാരാളം പണവും വരും. ചടങ്ങുകളങ്ങിനെ പൊടിപൊടിക്കാം. സമ്മാനദാന ചടങ്ങിലേക്ക് ജനപ്രതിനിധികള്‍ക്ക് പുറമേ ഓസ്കാര്‍, പത്മശ്രീ, സോളാര്‍ ബഹുമതി നേടിയ ആരെയെങ്കിലും മുഖ്യാതിഥികളായി ക്ഷണിക്കാം. എല്ലാ പരിപാടികളുടേയും തല്‍സമയ പ്രക്ഷേപണത്തിന് മികച്ച ചാനല്‍കാരെ ഏര്‍പ്പാടാക്കണം.... അങ്ങിനെ എന്നും ഓര്‍മ്മിക്കാവുന്ന ഒരാത്മീയ അനുഭൂതിയാക്കിക്കൊണ്ട്, വിശപ്പും ക്ഷീണവും എന്തെന്നറിയാന്‍ ഇടവരാത്തവിധം സുഖലോലുപതയുടെ ഈറ്റ് & ഡ്രിങ്ക് ഉന്മാദലഹരിയില്‍ ഈ ആണ്ടിലെ പുണ്യമാസത്തെ നമുക്ക് കൊണ്ടാടാം. (നഊദുബില്ലാ...) 

 സത്യവിശ്വാസികളേ, എന്ത് തോന്നുന്നു നിങ്ങള്‍ക്ക് ?


പാടൂര്‍
26.06.2013                                                  അബ്ദൂള്‍ റഹ്മാന്‍, പാടൂര്‍

                                         **********
ഓഫീസില്‍ സ്ഥിരമായി വരാറുള്ള അബ്ദുള്‍ റഹ്മാന്‍ സാറിന്റെ സൃഷ്ടി. വായിച്ചപ്പോള്‍ ഇഷ്ടപ്പെട്ടു. പങ്കുവെക്കണമെന്ന് തോന്നി.

2012, ജൂൺ 24, ഞായറാഴ്‌ച

പ്രണയം

എടാ പോടാ എന്നു പരസ്പരം വിളിച്ചിരുന്ന

ആത്മാര്‍ത്ഥ സുഹൃത്തുക്കള്‍ ഒരിക്കല്‍

അവരുടെ പ്രണയം തുറന്നു പറഞ്ഞു.

അടുത്ത ദിവസം മുതല്‍ അവള്‍ അവനെ ചേട്ടായെന്നു വിളിച്ചു.

2011, ഓഗസ്റ്റ് 26, വെള്ളിയാഴ്‌ച

അഴിമതി 'മതി'

പേരിലേ 'ശ്രീ'യുള്ളൂ..
പിഴയ്ക്കു പകരം ഗാന്ധിയെണ്ണി വാങ്ങുമ്പോള്‍ മുഖത്ത് ചളിപ്പുണ്ടായിരുന്നോ ആവോ..?!
ഏയ്.. ഉണ്ടായിരിക്കില്ല.. ആദ്യമായിട്ടാവില്ലല്ലോ...!!
അറിഞ്ഞപ്പോള്‍ വിശ്വസിക്കാന്‍ മനസ്സ് മടിച്ചു..... ചില വിഗ്രഹങ്ങള്‍ അങ്ങനെയാണ്...



"പരാതിയോ തെളിവോ ഇല്ലാതെ അവരെ നമുക്കൊന്നും ചെയ്യാനാവില്ലെടോ..."

"ഇല്ല.. അങ്ങനെ വിടാനുദ്ദേശിച്ചിട്ടില്ല.. എന്തെങ്കിലുമൊക്കെ ചെയ്യണം..."

"ആദ്യമൊക്കെ നിന്നെപ്പോലെ എനിക്കും അങ്ങനെയൊക്കെ തോന്നിയിരുന്നു.. പിന്നെ മനസ്സിലായി, ഇതൊന്നും നേരെയാവാന്‍ പോണില്ലെന്ന്...!"



ശരിയായിരിക്കുമോ..?! ഒന്നും ചെയ്യാന്‍ കഴിയില്ലേ..? അയാള്‍ പരാതിപ്പെടില്ലേ...?




അയാള്‍ക്കു പരാതിയേയില്ലെന്ന്..?!
വന്‍ തുകയുടെ പിഴയില്‍ നിന്നും ഊരിയ അയാള്‍ക്കെന്തു പരാതി..?!
നികുതിയിനിയും വെട്ടിക്കാം.. കച്ചവടം പൊടി പൊടിക്കും...
പക്ഷേ, ആപ്പീസര്‍മാരെല്ലാം കാശിന്റെ ആള്‍ക്കാരാണെന്ന കാര്യത്തില്‍ അയാള്‍ക്ക് സംശയമേയില്ല..!
ആള്‍ക്ക് പോയിട്ട് തിരക്കുണ്ടത്രേ.. പ്രകടനമുണ്ടെന്ന്.. ഹസാരെയ്ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കാന്‍ ....!!!!

2011, ഓഗസ്റ്റ് 8, തിങ്കളാഴ്‌ച

വാര്‍ത്ത

"എന്തണ് ചാനലേരൊക്കെ സ്ക്കൂളിനകത്ത് ?"

"കണ്ടില്ലേ, ബില്‍ഡിങ്ങ് വീണ് കിടക്കെണത്"

"ഓ, ഇങ്ങക്കിന്ന് കോളടിച്ചല്ലേ..?"

"ഏയ്, കാര്യല്ലാന്നേയ്.. കുട്ട്യേളൊക്കെ അവരവിട്ന്ന് നേരത്തെ മാറ്റീരുന്നു"