അനുഭവം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
അനുഭവം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2014, ഡിസംബർ 22, തിങ്കളാഴ്‌ച

ജ്ജ് ഓളും ഓള് ഓനും ആണോ...?!

          വിവാഹ ശേഷം ഭാര്യയുടെ ചില ബന്ധുവീടുകള്‍ സന്ദര്‍ശിക്കുന്നതിനു വേണ്ടി മലപ്പുറം ജില്ലയിലെ തിരൂരിലൂടെ കാറില്‍ യാത്ര ചെയ്യുകയായിരുന്നു. തുഞ്ചന്‍പറമ്പിനു മുന്നിലൂടെയുള്ള റോഡിലെവിടെയോ വെച്ച് ഞങ്ങളുടെ കാറിന്റെ പുറകില്‍ മറ്റൊരു കാര്‍ വന്നിടിച്ചു. കാര്‍ കുറച്ചു മുന്നോട്ടു നീക്കി നിര്‍ത്തിയ ഉടനെ അവര്‍ വീണ്ടുമിടിച്ചു. മുക്കറ്റം മദ്യപിച്ച കുറച്ചു ചെറുപ്പക്കാരായിരുന്നു കാറില്‍. ഒരുത്തന്‍ ഓടി വന്നു കൊണ്ട് ക്ഷമാപണം നടത്തി. പോലീസിനെ വിളിക്കേണ്ട നമുക്ക് പരിഹാരമുണ്ടാക്കാം എന്നൊക്കെ പറയുന്നുണ്ടായിരുന്നു. അവനുമായി സംസാരിച്ചു നില്‍ക്കേ മറ്റൊരാളിറങ്ങി വന്നു. ലുങ്കിയും ടീ ഷര്‍ട്ടുമാണ് വേഷം. "അല്ല, എന്താ ങ്ങളെ പ്രശ്നം? ങ്ങക്ക് എന്താ വേണ്ടത്" തുടങ്ങി, ഞാന്‍ അവരുടെ കാറില്‍ ചെന്ന് ഇടിച്ചെന്ന മട്ടില്‍ മലപ്പുറം സ്ലാങ്ങില്‍ എന്തൊക്കെയോ വന്നു പറയാന്‍ തുടങ്ങി. ചില വാക്കുകള്‍ എനിക്ക് പിടി കിട്ടുന്നുണ്ടായിരുന്നില്ല. പറയുന്നയാളോട് ഞാന്‍ മലപ്പുറത്തു പുതിയതാണെന്നും ഭാഷ മനസ്സിലാവാഞ്ഞിട്ടാണെന്നും ഭാര്യ പറഞ്ഞു. "എന്താ ഓള് വര്‍ത്താനം പറയണത്?" അയാള്‍ എന്നോട് ചോദിച്ചു. അവര്‍ പറയട്ടെയെന്ന് ഞാന്‍ മറുപടി പറഞ്ഞു. അപ്പോഴാണ് അയാളുടെ ആ മില്ല്യണ്‍ ഡോളര്‍ ചോദ്യം വന്നത്. "അപ്പോ ജ്ജ് ഓളും ഓള് ഓനും ആണോ...?!"


*മലപ്പുറം സ്ലാങ്ങ് അന്ന് അത്ര അറിയാതിരുന്നതു കൊണ്ടും സംഭവം കഴിഞ്ഞിട്ട് രണ്ടു വര്‍ഷത്തിലേറെയായി എന്നതു കൊണ്ടും അയാളുടെ ആ 'സ്നേഹസല്ലാപം' അതുപോലെ പകര്‍ത്താന്‍ കഴിയാത്തതിലുള്ള ഖേദം കൂടി രേഖപ്പെടുത്തട്ടെ...

2011, ഓഗസ്റ്റ് 8, തിങ്കളാഴ്‌ച

വാര്‍ത്ത

"എന്തണ് ചാനലേരൊക്കെ സ്ക്കൂളിനകത്ത് ?"

"കണ്ടില്ലേ, ബില്‍ഡിങ്ങ് വീണ് കിടക്കെണത്"

"ഓ, ഇങ്ങക്കിന്ന് കോളടിച്ചല്ലേ..?"

"ഏയ്, കാര്യല്ലാന്നേയ്.. കുട്ട്യേളൊക്കെ അവരവിട്ന്ന് നേരത്തെ മാറ്റീരുന്നു"

2011, ജൂൺ 5, ഞായറാഴ്‌ച

ജനറല്‍ സീറ്റ്

          ചാവക്കാട്ടെ ഒരു സര്‍ക്കാര്‍ സ്കൂളിലെ പ്രധാന അദ്ധ്യാപിക കെ എസ് ആര്‍ ടി സി ബസ്സിലെ ജനറല്‍ സീറ്റില്‍ ഇരുന്നു യാത്ര ചെയ്യുന്നു. മറ്റു സീറ്റുകള്‍ ഒഴിവില്ലാതിരുന്നതിനാല്‍ മൂന്നു പേര്‍ക്കിരിക്കാവുന്ന സീറ്റിന്റെ ഒരറ്റത്ത് ഒരു പുരുഷന്‍ വന്നിരുന്നു. ടീച്ചര്‍ക്ക് ഇഷ്ടപ്പെട്ടില്ലെങ്കിലും രൂക്ഷമായ ഒരു നോട്ടത്തില്‍ ഒതുക്കി. അടുത്ത സ്റ്റോപ്പില്‍ നിന്ന് കയറിയ ഒരാള്‍ രണ്ടു പേരുടെയും നടുവില്‍ ഇരിക്കാന്‍ ശ്രമിച്ചതോടെ ടീച്ചര്‍ ഇളകി. "ഇവിടെ ഇരിക്കാന്‍ പറ്റില്ല" എന്ന് ടീച്ചര്‍ കട്ടായം പറഞ്ഞു. അത് കേട്ട് അയാള്‍ പിന്തിരിഞ്ഞെങ്കിലും പുറകിലിരുന്ന എന്റെ സുഹൃത്ത് ടീച്ചറെ ചോദ്യം ചെയ്തു. "എന്ത് കൊണ്ട് ഇരുന്നു കൂടാ...?" ടീച്ചര്‍ക്ക്‌ മറുപടിയില്ല. "സാറവിടെ ഇരിക്ക് സാറേ..." എന്ന് പറഞ്ഞു കൊണ്ട് അയാളെ അവിടെ പിടിച്ചിരുത്തുകയും കൂടി ചെയ്തതോടെ ടീച്ചറുടെ മുഖം മ്ലാനമായി. ചാവക്കാട് എത്തുന്നത് വരെ  സൈഡിലോട്ടു തിരിഞ്ഞിരുന്നും മറ്റും ടീച്ചര്‍ എങ്ങനെയൊക്കെയോ കഴിച്ചു കൂട്ടി.

          "ജനറല്‍ സീറ്റ്‌ തീര്‍ച്ചയായും സ്ത്രീകള്‍ക്ക് കൂടി അവകാശപ്പെട്ടതാണ്. പക്ഷെ, തൊട്ടടുത്ത ഒഴിഞ്ഞ സീറ്റില്‍ ഇരിക്കാനുള്ള സഹയാത്രക്കാരന്റെ അവകാശത്തെ നിഷേധിക്കുന്നതിനേക്കാള്‍ മര്യാദ എഴുന്നേറ്റു നില്‍ക്കുന്നതല്ലേ........?" എന്ന് സുഹൃത്തിന്റെ ന്യായം. നിങ്ങളെന്തു പറയുന്നു..?

2010, ഒക്‌ടോബർ 10, ഞായറാഴ്‌ച

കാലത്തിന്റൊരു പോക്കേ...!!

എന്റെ എല്‍ പി സ്കൂള്‍ കാലഘട്ടം..
   അടുത്ത വീട്ടിലെ സെക്കീനത്തയുടെ കല്ല്യാണം കഴിഞ്ഞെത്തിയ സിറാജുക്ക എന്റെ മാമയോട്. "ടാ.. അവള്‍ക്ക് തീരെ നാണൊന്നൂല്ലട്ടാ... നല്ല ഉഷാറായ്ട്ട് ചെക്കന്റെ കൂടെന്നെ നിക്ക്ണ‌്ണ്ട്.. മാലടുമ്പോ പോലൂല്ല പേരിനെങ്കിലും ഒരു നാണം..!!"


ഞാന്‍ എട്ടാം ക്ലാസ്സില്‍ ....
   ഉമ്മര്‍ മാമയുടെ കല്ല്യാണം നിശ്ചയിച്ചു. ബന്ധുവായ ഒരു സ്ത്രീ എന്റെ ഉമ്മയോട്. "ഉമ്മറവളെ ഫോണ്‍ വിളിക്കാറ്ണ്ട്ന്ന്..! അവരെ വീട്ടിലും കൊഴപ്പല്ലാത്രെ..!! കാലത്തിന്റൊരു പോക്കേ..!!"



ഞാന്‍ കോളേജില്‍ ...
   ജാസ്മിത്തയുടെ കല്ല്യാണം കഴിഞ്ഞു. എന്റെ ഇത്തയോട് അമ്മായിയുടെ മകള്‍ ശെജിനത്ത. "ജാസ്മി അളിയനെ പേരാത്രെ വിളിക്ക്യാ..!!"


ഇന്ന്...
   പെണ്ണുങ്ങള്‍ക്കു സീറ്റ് ഫിഫ്റ്റി - ഫിഫ്റ്റിയാത്രെ...!!

2010, ഒക്‌ടോബർ 2, ശനിയാഴ്‌ച

ദോഷൈകദൃക്ക്

          ട്രഷറിയിലെ ടെല്ലര്‍ കൗണ്ടറില്‍ ഒരാള്‍ ചെക്കുമായി വന്നു. അക്കൗണ്ടന്റ് ചെക്ക് വാങ്ങി നോക്കി. ഒന്നും എഴുതിയിട്ടില്ല. എഴുതാനുള്ളതെല്ലാം എഴുതാന്‍ പറഞ്ഞ് ചെക്ക് തിരിച്ചു കൊടുത്തു. വന്നയാള്‍ തിരികെ ബെഞ്ചില്‍ പോയിരുന്നു എഴുതി. വീണ്ടും കൗണ്ടറില്‍ കൊടുത്തു. അക്കൗണ്ടന്റ് നോക്കിയപ്പോള്‍ ഒപ്പിട്ടിട്ടില്ല. ഒപ്പിടാനായി തിരികെ കൊടുത്തു. ഒപ്പിട്ടു. ഇപ്പോള്‍ കുഴപ്പമില്ല. ചെക്ക് കമ്പ്യൂട്ടറില്‍ എന്റര്‍ ചെയ്യാന്‍ തുടങ്ങി. നോക്കുമ്പോള്‍ അയാള്‍ എഴുതിയിരിക്കുന്ന അത്രയും തുക അക്കൗണ്ടിലില്ല. ബാലന്‍സുള്ള തുക എത്രയാണെന്നു പറ‍ഞ്ഞു കൊടുത്തു. തുക തിരുത്തിയെഴുതാനായി ചെക്ക് വീണ്ടും തിരികെ കൊടുത്തു. വന്നയാള്‍ വീണ്ടും ബെഞ്ചിനരികില്‍ പോയി. തുക തിരുത്തിയെഴുതി. എന്നിട്ട് ആരോടെന്നില്ലാതെ ഒരു ആത്മഗതം:

"ഇതിപ്പൊ മൂന്നാംത്തെ പ്പ്രാവശ്യാ... ഇനി അടുത്തതെന്തു കുറ്റാണാവോ അയാള് കണ്ടുപിടിക്ക്യ.....!"

2010, സെപ്റ്റംബർ 14, ചൊവ്വാഴ്ച

തല്ല് ; എന്‍റെ വകേം

ബസ്സില്‍ തൃശ്ശൂരിലേക്ക് പോകുകയായിരുന്നു. മുല്ലശ്ശേരി സെന്‍ററില്‍ ബസ്സ് നിര്‍ത്തിയപ്പോള്‍ , റോഡരികില്‍ കുറച്ചു പേര്‍ ചേര്‍ന്നു ഒരാളെ വളഞ്ഞിട്ടു തല്ലുന്നതു കണ്ടു. കാര്യം എന്താണെന്നു മനസ്സിലായില്ലെങ്കിലും എല്ലാവരുടെയും ശ്രദ്ധ അതിലേക്കായിരുന്നു. പെട്ടെന്നു ഞങ്ങളുടെ ബസ്സില്‍ നിന്നും ഒരു മനുഷ്യസ്നേഹി ചാടിയിറങ്ങി, തല്ലു കൊള്ളുന്നവനെ അയാളുടെ വകയായി നാലഞ്ചെണ്ണം കൂടി പൊട്ടിച്ചു. തിരിച്ചു ബസ്സില്‍ കയറി. യാത്ര തുടര്‍ന്നു.

2010, സെപ്റ്റംബർ 1, ബുധനാഴ്‌ച

സന്നി

"ശരിക്കും നമ്മളെ സന്നീടതേ പോലെത്തന്നെണ്ട് ആളെക്കാണാന്‍ "

"ഏതു സന്നി"

"നമ്മളെ സന്ന്യെയ്.."

"സന്ന്യോ, അതാരാ..?"

"എയ്.. നമ്മളെ സന്നിഥാനന്ദന്‍ , നിനക്കറീല്ലേ..?"

"അതാരാ ഈ സന്നിഥാനന്ദന്‍ ..? നിക്കറീല്ലല്ലോ..!"

"സന്നിഥാനന്ദനെ അറീല്ലേ..? ഐഡിയ സ്റ്റാര്‍ സിങ്ങര്‍ല്ള്ള, ഇത്രേം ഫെയ്മസ് ആയ സന്നിഥാനന്ദനെ അറീല്ലെന്ന് പറയാന്‍ നാണല്ലല്ലോ നിനക്ക്.. നീയൊക്കെ ഏതു ലോകത്തിലാ ജീവിക്കുന്നെ...?"

2010, ജൂലൈ 27, ചൊവ്വാഴ്ച

"നെയിമ"

ബാന്ഗ്ലൂരിലെ ഒരു ഇലക്ട്രോണിക് കമ്പനിയില്‍ ജോലി ചെയ്തു കൊണ്ടിരുന്ന കാലം. ഒരു ദിവസം ഇന്റക്ടര്‍ ടെസ്റ്റ്‌ ചെയ്തു കൊണ്ടിരിക്കുകയായിരുന്നു ഞാന്‍ . അടുത്തിടെ മാത്രം ജോലിക്ക് വന്നു തുടങ്ങിയ കന്നടക്കാരന്‍ യോഗേഷ് ആയിരുന്നു എന്റെ അടുത്ത് ഇരുന്നിരുന്നത്. എന്റെ മുന്നിലെ റാക്കില്‍ ഇരുന്നിരുന്ന വലിയ ഒരു ലെഡിന്റെ പീസ്‌ എടുത്തു, അവന്‍ തിരിച്ചും മറിച്ചും നോക്കുന്നത് കണ്ടു. പിന്നെ എന്നോട് കന്നടയില്‍ എന്തൊക്കെയോ ചോദിച്ചു. കന്നഡ കേട്ടാല്‍ത്തന്നെ തല കറങ്ങുന്ന എനിക്കൊരു ചുക്കും മനസ്സിലായില്ല. ബാന്ഗ്ലൂരിലെ അന്ന് വരെയുള്ള ജീവിതത്തില്‍ എന്നെ ഏറെ സഹായിച്ച എന്റെ ആംഗ്യഭാഷയും അവന്റെ അടുത്ത് പരാജയപ്പെട്ടു. ആ സാധനത്തിന്റെ പേരെന്താണെന്നാണ് അവന്‍ ചോദിക്കാന്‍ ശ്രമിക്കുന്നതെന്ന് എനിക്ക് തോന്നി. അത് തന്നെയാണോ ചോദിക്കുന്നതെന്ന് അവനോടെങ്ങനെ ചോദിക്കും..? ഞാന്‍ ഒരു തമിഴ് ചുവ വരുത്താന്‍ ശ്രമിച്ചു കൊണ്ട് "നെയിമാാ....?" (Name ആണോ?) എന്ന് ചോദിച്ചു. അവന്റെ മുഖത്ത് സന്തോഷത്തിന്റേതായ ഒരു ഭാവം വന്നു. എനിക്കും ആശ്വാസമായി. അവന്‍ ആ ലെഡ് എടുത്തു, അപ്പുറത്തിരുന്നിരുന്ന അവന്റെ ചങ്ങാതിക്ക് നേരെ ഉയര്‍ത്തിക്കാണിച്ചു കൊണ്ട് പറഞ്ഞു. "നെയിമ... നെയിമ...!!!"
       കുറച്ചു കഴിഞ്ഞു അവിടത്തെ സീനിയര്‍ സ്റ്റാഫ് ആയ യശ്വന്തണ്ണന്‍ ഒരു ട്രേയില്‍ കുറച്ചു ഇന്റക്ടറുമായി വന്നു. എന്റെ അടുത്ത് കന്നഡ ചിലവാകില്ലെന്നു നേരത്തെ മനസ്സിലാക്കിയിട്ടുള്ള അയാള്‍ ഞാന്‍ ടെസ്റ്റ്‌ ചെയ്തു കഴിഞ്ഞവ വെച്ചിരുന്ന ട്രേയും അയാളുടെ കയ്യിലുള്ള ട്രേയും ചൂണ്ടിക്കാണിച്ചു കൊണ്ട് പറഞ്ഞു. "This tray also this tray...!!!"
                         അന്ന് തന്നെ ഒരു കന്നഡ - മലയാളം ഭാഷാ സഹായി വാങ്ങി ഞാന്‍ പഠനം തുടങ്ങി.

2010, ജൂലൈ 8, വ്യാഴാഴ്‌ച

മനുഷ്യത്വം

ഓരോ വിധിയിലും, വാദത്തിനിടയിലെ അഭിപ്രായപ്രകടനങ്ങളിലും മനുഷ്യത്വത്തിന്റെ മഹത്വം വിളിച്ചു പറയുന്നവരുടെ `ശരിയായ മനുഷ്യത്വബോധ'ത്തെക്കുറിച്ചറിയാന്‍ നമുക്ക് കോടതികളിലെ ലാസ്റ്റ് ഗ്രേഡ് ജീവനക്കാരോട് ചോദിക്കാം.

".......................സാറ് പക്കാ ഡീസന്റാ, ഒരു ഉപദ്രവോം ല്ല. മറ്റുള്ളോരെപ്പോലല്ല. ഞങ്ങളോട് ഇത്രേം നന്നായി പെരുമാറണ വേറൊരാളെ ഞാനീ വകുപ്പില് കണ്ടിട്ടില്ല. അമ്പലത്തില് പോവുമ്പോ പെട്ടിയൊന്നു വണ്ടീന്ന് റൂമിലെത്തിച്ചാ മാത്രം മതി. അത് പോലെ തിരിച്ചും... വേറൊരു ബുദ്ധിമുട്ടിക്കലൂല്ല"

2010, ജൂൺ 8, ചൊവ്വാഴ്ച

വിശ്വാസം

ഓഫീസിലിരുന്നു കെഎസ്സാറിന്റെ ഗൈഡു നോക്കിക്കൊണ്ടിരുന്ന ഷാജിയേട്ടന്‍ സുപ്രണ്ട് വിളിച്ചപ്പോള്‍ പോകാന്‍ വേണ്ടി പുസ്തകം നിവര്‍ത്തിയ അവസ്ഥയില്‍ കമഴ്ത്തി വെച്ചു.
ഇത് കണ്ട ഞാന്‍ പറഞ്ഞു. "ഷാജ്യേട്ടാ, പുസ്തകം അങ്ങനെ വെക്കല്ലേ"
"ഓ, അങ്ങനെയൊക്കെ ഉണ്ടാ..?" എന്ന് ചോദിച്ചു കൊണ്ട് ഷാജിയേട്ടന്‍ പുസ്തകം എടുത്തു മടക്കി വെച്ചു.
"അല്ല, അങ്ങനെ വെച്ചാ പുസ്തകം കേടാവും. പുത്യേ പുസ്തകല്ലേ..? അതോണ്ടാ പറഞ്ഞത്" ഞാന്‍ വിശദീകരിച്ചു.
"ഓ, അത്രേയുള്ളൂ.. ഞാന്‍ വിചാരിച്ചു, വേറെ വല്ല കൊഴപ്പം ണ്ടാവുംന്ന്"  എന്ന് പറഞ്ഞു കൊണ്ട് ഷാജിയേട്ടന്‍ പുസ്തകം പഴയ പടി തന്നെ കമഴ്ത്തി വെച്ചു.

2010, ഏപ്രിൽ 16, വെള്ളിയാഴ്‌ച

കൌതുകക്കാഴ്ച

ഒരു സുഹൃത്തിന്റെ അച്ഛന്‍ മരിച്ചതറിഞ്ഞ് അവന്റെ വീട്ടില്‍ പോയതായിരുന്നു ഞങ്ങള്‍ . ചെറിയ വീടിന്റെ മുറ്റത്തും വഴിയിലും ആളുകള്‍ ഉണ്ടായിരുന്നു. ഞങ്ങള്‍ ചെന്നപ്പോള്‍ തന്നെ "സു......ന്റെ കൂട്ടുകാരാ.. അവര്‍ ബോഡി കണ്ടോട്ടെ"എന്ന് പറഞ്ഞു പ്രായമായ ഒരാള്‍ ഞങ്ങളുടെ മുന്നില്‍ നടന്നു, വീടിന്റെ മുന്‍വശത്തേക്ക് നയിച്ചു. നേരെ മുന്‍ വശത്തല്ലാത്ത പടി കടന്നു, മുറ്റത്തു കൂടെ നടന്നാണ് കോലായിലേക്ക് പ്രവേശിക്കേണ്ടത്. വീടിന്റെ മുന്‍വശത്തേക്ക് തുറന്നിരിക്കുന്ന ജനലിലൂടെ കുറെ പേര്‍ വളരെ താല്പര്യപൂര്‍വ്വം അകത്തേക്ക് നോക്കി നില്‍ക്കുന്നത് കണ്ടപ്പോള്‍ ബോഡി ആ മുറിയിലായിരിക്കുമെന്ന ധാരണയില്‍ ഞങ്ങളും അവരുടെ പുറകില്‍ നിന്ന് എത്തി നോക്കി. അവിടെ പക്ഷെ, അവന്റെ അമ്മയും മറ്റു അടുത്ത ബന്ധുക്കളും, ആകസ്മികമായ മരണം താങ്ങാനാവാതെ നിലവിളിച്ചു കരയുകയും മറ്റും ചെയ്യുന്നതാണ് ഞങ്ങള്‍ കണ്ടത്. ബോഡി കിടന്നിരുന്നത് മറ്റൊരു മുറിയിലായിരുന്നു.

അന്ന് അവരുടെ കയ്യില്‍ മൊബൈല്‍ ക്യാമറകള്‍ ഇല്ലാതിരുന്നത് നന്നായി എന്ന് ഇപ്പോള്‍ തോന്നുന്നു. അന്ന് വെറുതെ നോക്കി നിന്നു. ഇന്നാണെങ്കില്‍ മൊബൈലില്‍ എടുക്കും.. അത്രേയുള്ളൂ വ്യത്യാസം..!

2010, മാർച്ച് 29, തിങ്കളാഴ്‌ച

ഗള്‍ഫിലെ എ സി

അബുദാബി എയര്‍പോര്‍ട്ടില്‍ കാര്‍ഗോ ഡിപ്പാര്‍ട്ട്മെന്റിലെ സി എം സി സി സെക്ഷനില്‍ ജോലി ചെയ്തിരുന്ന കാലം. പുറപ്പെടാന്‍ തയ്യാറായി നില്‍ക്കുന്ന ഫ്ലൈറ്റിനടുത്തേക്ക്, നിര്‍ദ്ദേശിക്കപ്പെട്ട കാര്‍ഗോ യൂണിറ്റുകള്‍ അയക്കുക എന്നതാണ് ജോലി. ഒരു ദിവസം നാട്ടില്‍ നിന്ന് ഒരു സുഹൃത്ത് ഫോണില്‍ വിളിച്ചു. സെക്യൂരിറ്റി കാണാതെ അകത്തു കടത്തിയതാണ് മൊബൈല്‍ . കാര്‍ഗോ ഹോള്‍ഡിംഗ് ഏരിയയിലെ ഏതെങ്കിലും കാര്‍ഗോ യൂണിറ്റിന്റെ മറയില്‍ നിന്നാല്‍ ആരും കാണാതെ സംസാരിക്കാം. പിടിച്ചാല്‍ പണിയാണ്. വിശേഷങ്ങള്‍ക്കിടെ ജോലി എങ്ങനെയുണ്ട് എന്ന് ചോദിച്ച സുഹൃത്തിനോട് "ജോലി വലിയ സുഖമൊന്നുമില്ല, ഇവിടെ ഭയങ്കര ചൂടാണ്" എന്ന് ഞാന്‍ പറഞ്ഞു.
"ചൂട് പുറത്തല്ലേ, നിങ്ങള്‍ ഗള്‍ഫുകാര്‍ എപ്പോഴും എസിക്കകത്തല്ലേ" എന്ന് സുഹൃത്ത്... "റൂമിലും കാറിലും എന്തിനു, കക്കൂസില്‍ വരെ എസി".
"ശരിയാണ് പക്ഷെ ഞാന്‍ ജോലി ചെയ്യുന്നത് പുറത്താണ്" എന്ന് പറഞ്ഞിട്ട് അവന്‍ വിശ്വസിക്കുന്നില്ല.
"നിങ്ങള്‍ ഗള്‍ഫുകാര്‍ അവിടെ എസി മുറിക്കകത്തിരുന്നു സുഖിക്കും. എന്നിട്ട് അങ്ങോട്ട്‌ വരാന്‍ കാത്തിരിക്കുന്നവരെ, ചൂടാണ് എന്നൊക്കെപ്പറഞ്ഞു നിരുല്സാഹപ്പെടുത്തും" ഇങ്ങനെ പോയി അവന്റെ ആരോപണങ്ങള്‍ .
മുകളില്‍ കത്തുന്ന സുര്യന്‍ .. താഴെ ചുട്ടു പഴുത്ത അവസ്ഥയിലുള്ള ടാര്‍ ചെയ്ത പ്രതലം.. കണ്ണ് തുറക്കാന്‍ പറ്റാത്ത അവസ്ഥ.. അകത്തെ മോണിറ്ററില്‍ 50 ഡിഗ്രി ചൂട് കാണിക്കുന്നു.. (അതില്‍ കൂടുതല്‍ ഉണ്ടെങ്കിലും കാണിക്കില്ല എന്ന് മലയാളി സുഹൃത്തുക്കള്‍ ) വിയര്‍ത്തൊലിക്കുന്ന അവസ്ഥയിലും, ഞാന്‍ ചിരിക്കണോ അതോ കരയണോ എന്ന കണ്‍ഫ്യുഷനിലായിരുന്നു.

2010, മാർച്ച് 3, ബുധനാഴ്‌ച

ഓഫര്‍

ഇന്ന്, വീട്ടുപകരണങ്ങള്‍ ചുളുവിലയ്ക്ക് വാങ്ങാന്‍ കിട്ടിയ ഒരു സുവര്‍ണ്ണാവസരം എന്റെ ഉമ്മ നഷ്ടപ്പെടുത്തി. വീട്ടില്‍ വന്നു കയറിയ മഹാലക്ഷ്മിയെ പുറംകാലു കൊണ്ട് തട്ടിയകറ്റി എന്ന് പറഞ്ഞാല്‍ മതിയല്ലോ. ഏതോ ഒരു പ്രമുഖ(?) കമ്പനിയിലെ സെയില്‍സ് റപ്രസെന്റെടിവ് ആയ ഒരു ലേഡി ആണ് മഹാലക്ഷ്മിയായി വന്നത്. ഓഫര്‍ ഇതാണ്. അവരുടെ കമ്പനിയുടെ രണ്ടായിരം രൂപ വിലമതിക്കുന്ന വീട്ടുപകരണങ്ങള്‍ നമുക്ക് വെറും 650 രൂപയ്ക്കു തരും. അവര്‍ ചോദിക്കുന്ന ഒരു കുസൃതി ചോദ്യത്തിന് ശരിയുത്തരം പറഞ്ഞാല്‍ മാത്രം മതി! എത്ര സിമ്പിള്‍ ആയ ഓഫര്‍ അല്ലെ..? ഇനി ഉത്തരം പറയാന്‍ കഴിഞ്ഞില്ലെങ്കിലോ, ഈ വീട്ടുപകരണങ്ങള്‍ രണ്ടായിരം രൂപയ്ക്കു വാങ്ങിയാല്‍ പോലും ഭയങ്കര ലാഭമാണത്രെ. ഛെ.! എന്റെ ഉമ്മയുടെ തികച്ചും പിന്തിരിപ്പന്‍ ആയ ചിന്താഗതി മൂലം ആ ഓഫര്‍ നഷ്ടപ്പെട്ടു. ചോദ്യം ചോദിച്ചു ബുദ്ധിമുട്ടേണ്ട എന്നു പറഞ്ഞു മടക്കി വിട്ടു.

വരട്ടെ.. അടുത്ത തവണ നോക്കാം........

2010, ജനുവരി 15, വെള്ളിയാഴ്‌ച

ക്ഷീരമുള്ളോരകിടിന്‍ ചുവട്ടിലും.............

വര്‍ഷങ്ങള്‍ക്കു മുന്‍പ്......

തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന കു. ജയലളിതയുടെ കേരള സന്ദര്‍ശനം നടക്കുന്നു.
ഗുരുവായൂരപ്പന്റെ തിരുനടയില്‍ വെച്ച് യുവമോര്‍ച്ചക്കാര്‍ പ്രതിഷേധ സൂചകമായി കരിങ്കൊടി കാണിച്ചു.
അവരുടെ മേല്‍ കേരള പോലീസിന്റെ ലാത്തിപ്പ്രയോഗം.
തല്ലു കൊള്ളാതിരിക്കാന്‍ യുവമോര്‍ച്ചക്കാര്‍ തലങ്ങും വിലങ്ങും ഓടുന്നു.
വലിയ ഒരാള്‍ക്കൂട്ടത്തിന്റെ നടുക്കാണ് ജയലളിത നില്‍ക്കുന്നത്...
ആകെ കൂടി ഒരു സംഘര്‍ഷഭരിതമായ അന്തരീക്ഷം.
ആശയപരമായി ഒട്ടും യോജിപ്പില്ലെങ്കിലും അവര്‍ക്ക് തല്ലു കൊള്ളുന്ന ഈ ദൃശ്യങ്ങള്‍ ടിവിയില്‍ കണ്ടു കൊണ്ടിരുന്ന എനിക്കും ചെറിയ മനപ്രയാസം തോന്നാതിരുന്നില്ല.
ഈ ക്യാമറ ദൃശ്യങ്ങള്‍ നോക്കികൊണ്ട്‌ എന്റെ സുഹൃത്തിന്റെ പെങ്ങളുടെ കമന്റ്‌...

"ഹൌ... ഈ ജയലളിത എന്തോരം ലിപ്സ്ടിക്കാ തേച്ച്ചിരിക്കണേ.......!!!!"

**************

സര്‍ക്കാര്‍ ജീവനക്കാരുടെ സമഗ്രമായ വിവരങ്ങള്‍ ഓണ്‍ലൈന്‍ ആയി ശേഖരിക്കപ്പെടുകയും ശമ്പള ബില്ലുകളും മറ്റും ഓണ്‍ലൈന്‍ ആയിത്തന്നെ തയ്യാറാക്കുകയും ചെയ്യുന്ന, കേരള സര്‍ക്കാരിന്റെ പുതിയ പദ്ധതിയാണ് `സ്പാര്‍ക്ക്'. ജീവനക്കാരെ സംബന്ധിച്ചിടത്തോളം അവരുടെ സേവന വേതന വിഷയങ്ങളുമായി ബന്ധപ്പെട്ട എല്ലാ നടപടിക്രമങ്ങള്‍ക്കും പുതിയ വേഗത അവകാശപ്പെട്ടു കൊണ്ടുള്ളതാണ് ഈ നോട്ടീസ്. ഇത് ഓഫീസില്‍ കിട്ടിയപ്പോള്‍ ഒരു ജീവനക്കാരിയുടെ ആദ്യ പ്രതികരണം ഇങ്ങനെ......

"ഹൈ....... നല്ല അടിപൊളി ക്യൂട്ടെക്സ്‌ ഒക്കെ ഇട്ടിട്ടുണ്ടല്ലോ.....!!"

2009, ഡിസംബർ 8, ചൊവ്വാഴ്ച

അരപ്പവന്‍

ക്യാമ്പസ്‌ കാലം....

ഒരു ദിവസം രംരാജ് ദിവ്യയുടെ കമ്മല്‍ ചൂണ്ടിക്കൊണ്ട് ചോദിച്ചു.
"ഇതെത്ര പവനാ...?"
"അര" ദിവ്യ പറഞ്ഞു.
"അരെല്ത്തതല്ല, കാതിലെയാ ചോദിച്ചത്" എന്ന് രംരാജ്.

ഈ സംഭവമറിഞ്ഞ ദിജീഷിനു തോന്നി "ഈ വിറ്റ് കൊള്ളാമല്ലോ..."
പിന്നെ ഇതാരുടെ അടുത്ത് ഇറക്കും എന്ന ചിന്തയായി....
ഭാഗ്യത്തിന് അന്നു തന്നെ ലഞ്ച് ബ്രീകിനു വരാന്തയില്‍ വെച്ച് ജൂനിയര്‍ ബാച്ചിലെ സൗമ്യയെ കണ്ടു.
ഉടനെ ഇറക്കി നമ്പര്‍ "ഇതെത്ര പവനാ...?"
"സൌമ്യേ, അരപ്പവനല്ലല്ലോ..? ആണെങ്കിലും അങ്ങനെ പറയണ്ടട്ടാ...
കൊളാവും...." ഞാന്‍ സൗമ്യക്ക്‌ മുന്നറിയിപ്പ് കൊടുക്കാന്‍ ശ്രമിച്ചു.
സ്വതസിദ്ധമായ ശൈലിയില്‍ സൗമ്യയുടെ നിഷ്കളങ്കമായ മറുപടി

"അ(യ്)നിത് അരപ്പവനല്ല, അരടേം കാല്‍ന്റെം എടേലാ....."

2009, ഡിസംബർ 6, ഞായറാഴ്‌ച

മലയാളം

മലയാളികള്‍ മലയാളവും മലയാളത്തിന്റെ പൈതൃകവും മറക്കുന്നതിനെപ്പറ്റി ആശങ്കപ്പെടുന്ന ഒരു മലയാളം ടീച്ചര്‍ പറഞ്ഞ ചെറിയ ഒരു കാര്യം:

എഴുത്തച്ഛന്റെ മഹാഭാരതം കിളിപ്പാട്ടിലെ മൌസലപര്‍വ്വം എടുത്തു കൊണ്ടിരിക്കെ സാന്ദര്‍ഭികമായി, ശ്രീകൃഷ്ണന്റെ അമ്മയുടെ പേരെന്താണെന്ന് ടീച്ചര്‍ ചോദിച്ചു. മുന്ബെഞ്ചിലിരുന്ന ഒരു ആണ്‍കുട്ടി തൊട്ടടുത്തിരിക്കുന്നവനോടു....
"ഡാ, ആ ഗടീടെ അമ്മടെ പേരെന്തൂട്ടാ....?"